പാല നഗരസഭാ ചെയർമാൻ സ്ഥാനത്തെച്ചൊല്ലി എൽഡിഎഫിൽ തർക്കം
പാലാ നഗരസഭാ ചെയർമാൻ സ്ഥാനത്തെ ചൊല്ലി എൽഡിഎഫിൽ തർക്കം. സിപിഐഎം പ്രതിനിധിയായ ബിനു പുളിക്കകണ്ടത്തെ അംഗീകരിക്കില്ല എന്ന നിലപാടിൽ കേരള കോൺഗ്രസ് ഉറച്ചുനിൽക്കുകയാണ്. ബിജെപിയിൽ നിന്ന് സിപിഐഎമിൽ എത്തിയ നേതാവാണ് ബിനു പുളിക്കകണ്ടം.
2021ലാണ് പാലാ നഗരസഭയിൽ വച്ച് കേരള കോൺഗ്രസ് എംന്റെ പ്രതിനിധിയും നിലവിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ബിജു കൊല്ലംപറമ്പിലിനെ ബിജെപിയിൽ നിന്ന് സിപിഐഎമിൽ എത്തിയ ബിനു പുളിക്കകണ്ടം നഗരസഭയിൽ വച്ച് പരസ്യമായി മർദ്ദിച്ചിരുന്നു. ഇത് വലിയ ചർച്ച ആയിരുന്നു.
നിലവിലെ ധാരണയനുസരിച്ച് നഗരസഭാ ഭരണം അഞ്ച് വർഷക്കാലയളവിൽ രണ്ട് വർഷം കേരള കോൺഗ്രസിനും മൂന്നാമത്തെ ഒരു വർഷം സിപിഐഎമിനും അടുത്ത പിന്നീടുള്ള രണ്ടു വർഷങ്ങൾ കേരള കോൺഗ്രസിനുമാണ്.
ആ ധാരണ അനുസരിച്ച് രണ്ടുവർഷങ്ങൾ പൂർത്തിയായി. നിലവിലുള്ള ചെയർമാൻ ആയിരുന്ന ആൻറോ ജോസ് പടിഞ്ഞാറേക്കര കഴിഞ്ഞ ഡിസംബർ 31ന് രാജിവെച്ചു. അടുത്ത ഊഴം ബിനു പുളിക്കകണ്ടത്തിന് ആ കൊടുക്കാമെന്നായിരുന്നു ധാരണ എന്നാണ് സിപിഐഎമിൻ്റെ നിലപാട്. എന്നാൽ, ബിനു പുളിക്കണ്ടത്തെ ഒഴിച്ച് മറ്റ് ആരെ വേണമെങ്കിലും അംഗീകരിക്കാം എന്നാണ് കോൺഗ്രസ് നിലപാട്. എന്നാൽ, നിലവിൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച ഏക സിപിഐഎം പ്രതിനിധിയാണ് ബിനു പുളിക്കകണ്ടം.