Wednesday, January 8, 2025
Kerala

നാദാപുരത്തെ അഞ്ചാം പനി പ്രതിരോധം; മതസംഘടനകളുടെ പിന്തുണ തേടി പഞ്ചായത്തും ആരോഗ്യ വകുപ്പും

കോഴിക്കോട് നാദാപുരത്ത് അഞ്ചാംപനി പ്രതിരോധത്തിനായി മതസംഘടനകളുടെ പിന്തുണ തേടി പഞ്ചായത്തും ആരോഗ്യ വകുപ്പും. കുട്ടികൾക്ക് വാക്സീൻ നൽകാൻ മാതാപിതാക്കൾ വിസമ്മതിക്കുന്ന സാഹചര്യത്തിലാണ് നടപടി.

നാദാപുരം പഞ്ചായത്തിൽ 26 കുട്ടികൾക്കാണ് നിലവിൽ അഞ്ചാംപനി സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു വയസിനുള്ളിൽ എടുക്കേണ്ട പ്രതിരോധ കുത്തി വെപ്പ് സ്വീകരിക്കാത്തവരാണ് രോഗബാധിതരായത്. വാക്സീൻ സ്വീകരിക്കാത്ത 355 കുട്ടികളെ ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു. ഇവർക്കായി ക്യാമ്പുകൾ തുടങ്ങിയിട്ടും ഫലപ്രദമായ വാക്സിനേഷൻ നടന്നില്ല. വീടുകളിലെത്തി നൽകാൻ ശ്രമിച്ചിട്ടും വിരലിലെണ്ണാവുന്ന കുട്ടികൾക്ക് മാത്രമാണ് വാക്സിൻ നൽകാൻ കഴിഞ്ഞത്. ഇതോടെയാണ് മതസംഘടനകളുടെ സഹായം തേടിയത്. വെള്ളിയാഴ്ച പള്ളികളിൽ ബോധവൽക്കരണം നടത്താനും മദ്രസകളിലെത്തുന്ന കുട്ടികൾ വാക്സിൻ സ്വീകരിച്ചെന്ന് ഉറപ്പുവരുത്താനും എടുക്കാത്ത കുട്ടികൾക്ക് മദ്രസകളിൽ വാക്സിൻ ക്യാമ്പ് നടത്താനും തീരുമാനിച്ചു. വീടുകൾ കയറിയിറങ്ങിയുള്ള ബോധവത്ക്കരണവും തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *