കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ അധ്യക്ഷത വഹിക്കരുതെന്ന് ആവശ്യം; കത്ത് വിവാദത്തില്‍ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം
തിരുവനന്തപുരം നഗരസഭയിലെ നിയമന കത്ത് വിവാദത്തില്‍ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കരുതെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. കൗണ്‍സില്‍ യോഗ സമയം നീട്ടണമെന്ന് ബിജെപിയും ആവശ്യപ്പെട്ടിരിക്കുകയാണ്. നഗരസഭയ്ക്ക് മുന്നിലെ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെയാണ് നീക്കം.
നഗരസഭയിലെ നിയമന കത്ത് വിവാദത്തില്‍ പ്രത്യേക കൗണ്‍സില്‍ യോഗം ചേരാന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും, ഉപാധികള്‍ മുന്നോട്ട് വെക്കുകയാണ് പ്രതിപക്ഷം. കൗണ്‍സില്‍ യോഗത്തിന് മേയര്‍ ആര്യ രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കരുതെന്നുംഡെപ്യൂട്ടി മേയര്‍ അധ്യക്ഷത വഹിക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് നഗരസഭാ സെക്രട്ടറിക്ക് കത്ത് നല്‍കി. കൗണ്‍സില്‍ യോഗ സമയം നീട്ടണമെന്ന ആവശ്യവുമായി ബിജെപിയും രംഗത്തെത്തി. പേരിന് കൗണ്‍സില്‍ ചേര്‍ന്ന് പോകാന്‍ അനുവദിക്കില്ലെന്ന് നിലപാട് കടുപ്പിക്കുകയാണ് ബിജെപി.
അതേസമയം സംഭവത്തില്‍ ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് എഡിജിപി മുഖേന ഡിജിപിക്ക് കൈമാറും. കത്തിന്മേല്‍ സിബിഐ അന്വേഷണം വേണമെന്നുള്ള ഹര്‍ജി 25ന് ഹൈക്കോടതിയില്‍ വരുമെന്നിരിക്കെ അതിന് മുന്‍പായി വിജിലന്‍സിന്റെസ്ഥിതി വിവര റിപ്പോര്‍ട്ടും സമര്‍പ്പിക്കാനാണ് നീക്കം.