Saturday, April 12, 2025
Kerala

കത്ത് തന്റേതല്ല; മേയര്‍ ഇന്ന് പരാതി നല്‍കും; കൗണ്‍സിലറുടെ കത്തില്‍ മൗനം തുടര്‍ന്ന് സിപിഐഎം

തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് മേയര്‍ ആര്യാ രാജേന്ദ്രന്‍ ഇന്ന് പൊലീസിന് പരാതി നല്‍കും. സിപിഐഎം ജില്ലാ സെക്രട്ടറിക്ക് തന്റെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ നിന്നും കത്ത് നല്‍കിയിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മേയര്‍. സീല്‍ പതിപ്പിക്കാത്ത ലെറ്റര്‍ ഹെഡില്‍ വ്യാജ ഒപ്പിട്ട് കത്തയച്ചെന്നാണ് മേയറുടെ പരാതി. മേയര്‍ നേരിട്ടെത്തിയാകും പരാതി നല്‍കുക

തന്റേതെന്ന പേരില്‍ പ്രചരിക്കുന്ന കത്തില്‍ സീലിന്റെ കാര്യത്തിലും നമ്പരിന്റെ കാര്യത്തിലും ഒപ്പിന്റെ കാര്യത്തിലും അവ്യക്തതയുണ്ടെന്നാണ് മേയര്‍ പറയുന്നത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കോ മ്യൂസിയം പൊലീസ് സ്റ്റേഷനിലോ ആകും മേയര്‍ പരാതി നല്‍കുക. അതേസമയം സിപിഐഎമ്മിന്റെ നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായ ഡി ആര്‍ അനിലിന്റെ പേരില്‍ ജില്ലാ സെക്രട്ടറി കൊടുത്ത കത്തിന്റെ കാര്യത്തില്‍ സിപിഐഎം മൗനം തുടരുകയാണ്.

കത്ത് പ്രചരിക്കുന്നത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നായിരുന്നു കത്ത് പുറത്തെത്തിയ ശേഷം മേയര്‍ ആര്യാ രാജേന്ദ്രന്റെ പ്രതികരണം. ഇങ്ങനെയൊരു കത്ത് മേയറോ മേയറുടെ ഓഫീസോ നല്‍കിയിട്ടില്ല. ഇത്തരമൊരു പതിവില്ലെന്നും മേയര്‍ സ്ഥലത്തില്ലാത്ത ദിവസമാണ് കത്ത് കൈമാറിയതായി കാണുന്നതെന്നും മേയര്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. നഗരസഭയെയും മേയറെയും ഇകഴ്ത്താനുള്ള ശ്രമം നേരത്തെയും നടന്നിരുന്നു. അതൊക്കെ പരാജയപ്പെട്ടപ്പോഴാണ് പുതിയ ആരോപണം ഉയര്‍ന്നതെന്നും നിയമ നടപടി സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *