Thursday, April 10, 2025
Kerala

തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദം; പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും

തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ചും വിജിലന്‍സും ഇന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വിജിലന്‍സ് ഹൈക്കോടതിയിലും ക്രൈംബ്രാഞ്ച് സംഘം എഡിജിപിക്കും റിപ്പോര്‍ട്ട് നല്‍കും. കത്ത് വിവാദത്തില്‍, അന്വേഷണം വഴിമുട്ടുന്നു എന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കൈമാറുന്നത്.

ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് എഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിന് നല്‍കും. തുടര്‍ന്ന് ക്രൈംബ്രാഞ്ച് എഡിജിപി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറുന്ന റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍നടപടി ഡിജിപി തീരുമാനിക്കും. മുന്‍ കൗണ്‍സിലര്‍ ജി എസ് ശ്രീകുമാറിന്റെ പരാതിയില്‍ ആരംഭിച്ച വിജിലന്‍സ് അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഹൈക്കോടതിയിലാകും അന്വേഷണസംഘം സമര്‍പ്പിക്കുക.

കേസിന്റെ സ്ഥിതി വിവരമാണ് ഹൈകോടതിയെ അറിയിക്കുക. മൊഴി വിവരങ്ങള്‍ ഉള്‍പ്പടെ അറിയിക്കും. പ്രാഥമിക അന്വേഷണം സമയമെടുത്തു പൂര്‍ത്തിയാക്കാനാണ് വിജിലന്‍സ് തീരുമാനം. നഗരസഭയിലെ കൂടുതല്‍ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തുന്നതും, കംപ്യുട്ടര്‍ പരിശോധിക്കുന്നതും വിജിലന്‍സ് വരും ദിവസങ്ങളില്‍ നടത്തും.

അതിനിടെ, മേയറുടെ രാജി ആവശ്യപ്പെട്ട് നഗരസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടരും. യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹവും ബിജെപി കൗണ്‍സിലര്‍മാരുടെ അനിശ്ചിതകാല ഉപവാസ സമരവും തുടരും. യൂത്ത് കോണ്‍ഗ്രസ് നഗരസഭയിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *