കൊട്ടിയത്തെ യുവതിയുടെ മരണം കൊലപാതകം; ഭർത്താവ് പിടിയിൽ
കൊല്ലം കൊട്ടിയത്ത് യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉമയനല്ലൂർ മൈലാപൂർ തൊടിയിൽ പുത്തൻവീട്ടിൽ നിഷാന എന്ന 27കാരിയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ ഇവരെ വീടിനുള്ളിൽ അബോധാവസ്ഥയിൽ കാണുകയായിരുന്നു
ചികിത്സക്കിടെയാണ് നിഷാന മരിച്ചത്. ഭാര്യ തൂങ്ങിമരിക്കാൻ ശ്രമിച്ചുവെന്നാണ് ഭർത്താവ് നിസാം(39) ആദ്യം പറഞ്ഞിരുന്നത്. എന്നാൽ നിഷാനയുടെ കഴുത്തിൽ പാടുകൾ കണ്ടതിനെ തുടർന്ന് പോലീസ് ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.
കാമുകിയെ വിവാഹം ചെയ്യുന്നതിനായി ഭാര്യയെ കൊലപ്പെടുത്തിയതാണെന്ന് നിസാം സമ്മതിച്ചു. കഴുത്തിൽ ഷാളുപയോഗിച്ചാണ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. കൊലപ്പെടുത്താൻ ഉപയോഗിച്ച ഷാൾ പോലീസ് കണ്ടെത്തി.