യു എസ് വ്യോമവിമാനം ലാൻഡ് ചെയ്തപ്പോൾ ടയറിൽ മൃതദേഹാവശിഷ്ടങ്ങളും
അഫ്ഗാനിസ്ഥാൻ താലിബാൻ കീഴടക്കിയതിന് പിന്നാലെ കാബൂളിൽ നിന്ന് അഭയാർഥികളുമായി പറന്നുയർന്ന യുഎസ് വ്യോമസേനാ വിമാനം ലാൻഡ് ചെയ്തപ്പോൾ വിമാനത്തിന്റെ അടിയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. സി 17 ഗ്ലോബ് മാസ്റ്റർ വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ദുരന്തമുണ്ടായ സാഹചര്യം അന്വേഷിക്കുമെന്ന് യു എസ് അറിയിച്ചു
ഏതുവിധേനയും കാബൂളിൽ നിന്ന് രക്ഷപ്പെടാനുള്ള ജനങ്ങളുടെ ശ്രമം വലിയ ദുരന്തത്തിലേക്കാണ് വഴിവെച്ചത്. വിമാനത്തിന്റെ ടയറുകളിലും ചിറകുകളിലുമൊക്കെ അള്ളിപ്പിടിച്ച് യാത്ര ചെയ്യാൻ ശ്രമിച്ചവരൊക്കെ ടേക്ക് ഓഫിന് പിന്നാലെ താഴേ വീണ് മരിച്ചിരുന്നു. ഏഴ് പേരാണ് ഇത്തരത്തിൽ മരിച്ചത്. 175 പേർക്ക് യാത്ര ചെയ്യാനാകുന്ന വിമാനം ഒടുവിൽ യാത്ര ചെയ്തത് എഴുന്നൂറോളം പേരെ തിക്കിനിറച്ചാണ്. വിമാനത്താവളത്തിലെ സുരക്ഷാ സാഹചര്യം മോശമായ സാഹചര്യത്തിൽ വിമാനം എത്രയും പെട്ടെന്ന് ടേക്ക് ഓഫ് ചെയ്യുകയായിരുന്നു
ഒഴിപ്പിക്കൽ നടപടികൾക്കായുള്ള ചരക്ക് ഇറക്കുമതിക്ക് വേണ്ടിയാണ് വിമാനം കാബൂളിൽ ലാൻഡ് ചെയ്തത്. എന്നാൽ പിന്നാലെ ആളുകൾ വിമാനത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു. തുടർന്നാണ് രക്ഷയില്ലാതെ ആളുകളെ കുത്തിനിറച്ച് യാത്ര ചെയ്യേണ്ടി വന്നത്. കാബൂളും താലിബാൻ കീഴടക്കിയതിന് പിന്നാലെയാണ് ജനക്കൂട്ടം വിമാനത്താവളത്തിലേക്ക് എത്തിയത്.
വിമാനങ്ങളിൽ കയറിപ്പറ്റാനായി തിരക്ക് കൂട്ടുന്ന ആളുകളുടെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. വിമാനത്താവളത്തിലെ തിക്കിലും തിരക്കിലും കൂടാതെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിവെപ്പിലുമായി നാൽപതോളം പേർ മരിച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. വിമാനത്തിന്റെ പുറംഭാഗത്ത് തൂങ്ങിയാത്ര ചെയ്തവർ താഴേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. എങ്കിലും ഏകദേശം 3200 പേരെ അമേരിക്ക അഫ്ഗാനിൽ നിന്ന് ഒഴിപ്പിച്ചതായാണ് കണക്കുകൾ.