വണ്ടിപ്പെരിയാറിലെ ആറു വയസ്സുകാരിയുടെ മരണം കൊലപാതകം; കൊന്ന് കെട്ടിത്തൂക്കിയ 21കാരൻ പിടിയിൽ
ഇടുക്കി വണ്ടിപ്പെരിയാറിൽ കഴുത്തിൽ ഷാൾ കുരുങ്ങി ആറ് വയസ്സുകാരി മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കുട്ടിയുടെ അയൽവാസിയായ ചുരക്കുളം എസ്റ്റേറ്റിൽ അർജുനെന്ന 21കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചുരക്കുളം എസ്‌റ്റേറ്റിലെ ചെലത്ത് ലയത്തിൽ താമസിക്കുന്ന കുട്ടിയെ ജൂൺ 30നാണ് ലയത്തിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
കളിക്കുന്നതിനിടെ കഴുത്തിലുള്ള ഷാൾ കുരുങ്ങി മരിച്ചതെന്നായിരുന്നു ആദ്യ സംശയം. കുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയ സമയത്തായിരുന്നു അപകടം. സഹോദരനും സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നില്ല.
പോസ്റ്റുമോർട്ടിൽ കുട്ടി പീഡനത്തിന് ഇരയായതായി ഡോക്ടർക്ക് സംശയം തോന്നുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. തുടർന്ന് അയൽവാസികളെ ചോദ്യം ചെയ്യുകയായിരുന്നു. അർജുനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകം വ്യക്തമായത്.
കുട്ടിയെ ഒരു വർഷത്തോളമായി ഇയാൾ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. 30ന് കുട്ടിയെ ഉപദ്രവിക്കുന്നതിനിടെ ബോധം കെട്ട് വീഴുകയും മരിച്ചെന്ന് കരുതി ഇയാൾ കെട്ടിത്തൂക്കുകയുമായിരുന്നു.