Monday, April 14, 2025
Top News

ഭർതൃവീട്ടിൽ മരിച്ച യുവതിയുടേത് കൊലപാതകം; ഭർത്താവ് അറസ്റ്റിൽ

മഞ്ചേരി: മഞ്ചേരി കൂമംകുളത്ത് കഴിഞ്ഞ ബുധനാഴ്ച യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ഇതിനെത്തുടർന്ന് പ്രതിയായ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂമംകുളം നല്ലൂർക്ഷേത്രത്തിന് സമീപം കളത്തിങ്ങൽ പ്രസാദിന്റെ ഭാര്യയും കോവിലകംകുണ്ട് ഉണ്ണികൃഷ്ണന്റെ മകളുമായ വിനിഷ (30) യാണ് മരിച്ചത്. ബുധനാഴ്ച രാത്രി 10 മണിക്കാണ് സംഭവം.

വിനിഷയുടെ ഫോൺ ആവശ്യപ്പെട്ടതിനെത്തുടർന്നുണ്ടായ തർക്കത്തിനിടയിൽ യുവതിയെ പ്രസാദ് പിടിച്ചുതള്ളി. ഇതിനിടെ ചുമരിൽ തലലയടിച്ച് വീണ് ഗുരുതരപരുക്കേറ്റു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഞ്ചേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിയതോടെ പ്രതി ചുമരിലേക്ക് തല്ലിയിട്ടത്തിന്റെ ആഘാതത്തിലാണ് യുവതിമരിച്ചതെന്ന് വ്യക്തമായി. ഇതിനെത്തുടർന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

മഞ്ചേരി അഡീഷണൽ എസ് ഐ ഉമ്മർ മേമന ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി കുടുംബ ശ്മശാനത്തിൽ സംസ്‌കരിച്ചിരുന്നു. മകളുടെ മരണത്തിൽ അസ്വാഭാവികത ചൂണ്ടിക്കാണിച്ച് പിതാവ് മഞ്ചേരി സിഐയോട് പരാതി ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മലപ്പുറത്തു നിന്ന് ഫോറൻസിക് വിഭാഗം സംഭവ സ്ഥലത്തെത്തി വിശദമായി നടത്തിയ പരിശോധനയിലാണ് കൊലപാതകം തെളിഞ്ഞത്. തുടർന്ന് അയൽവാസികളിൽ നിന്ന് മൊഴിയെടുത്ത പൊലീസ് പ്രസാദിനെ ചോദ്യം ചെയ്യുകയായിരുന്നു.

പതിനൊന്നു വർഷം മുമ്പായിരുന്നു ഇവർക്ക് വൈഗ (9), ആദിദേവ് (5), കിച്ചു (രണ്ടര) എന്നിങ്ങനെ മൂന്ന് മക്കളുണ്ട്. സി ഐ സി അലവി അറസ്റ്റ് ചെയ്ത പ്രസാദിനെ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമം 304 പ്രകാരം കുറ്റകരമായ നരഹത്യ നടത്തിയതിനാണ് കേസ്.

 

 

Leave a Reply

Your email address will not be published. Required fields are marked *