കർണാടക വിജയത്തിൽ രാഹുൽ ഗാന്ധിയെ അഭിനന്ദിക്കുന്നു, ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കും; പികെ കുഞ്ഞാലികുട്ടി
കർണാടകയിലെ തെരഞ്ഞെടുപ്പ് വിജയത്തിൽ കോൺഗ്രസ്സിനെയും, രാഹുൽ ഗാന്ധിയെയും അഭിനന്ദിക്കുകയാണെന്നും ഈ വഴി മുന്നേറിയാൽ വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പ് വിജയിക്കാനാകുമെന്നും പികെ കുഞ്ഞാലികുട്ടി. ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ദേശീയ ഉപദേശകസമിതി യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് സ്ഥാപക അധ്യക്ഷൻ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിലിന്റെ സ്മാരകമായി ഡൽഹി യിലെ “ഖാഇദെ മില്ലത്ത് സെന്റർ ” നിർമ്മിക്കും. അതിനായി ഫണ്ട് പിരിവു ഉടൻ ആരംഭിക്കും. ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന് ഡൽഹിയിൽ ദേശീയ ആസ്ഥാനം നിർമ്മിക്കും. വരുന്ന നവംബറിൽ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ചു കെട്ടിടം ഉദ്ഘാടനം ചെയ്യും. തമിഴ്നാട്, കർണാടക മുഖ്യമന്ത്രിമാർ ചടങ്ങിൽ പങ്കെടുക്കും. പാർട്ടി മെമ്പർഷിപ്പ് വിതരണം തുടങ്ങി. രാജ്യത്തെ ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടുന്നില്ലെന്നും എല്ലാവരും പരാതിക്കാരാണെന്നും പികെ കുഞ്ഞാലികുട്ടി വ്യക്തമാക്കി.
നാടകീയ നീക്കങ്ങൾക്കും തർക്കങ്ങൾക്കും ഒടുവിൽ സിദ്ധരാമയ്യയെ കർണാടക മുഖ്യമന്ത്രിയായി ഔദ്യോഗികമായി കോൺഗ്രസ് പ്രഖ്യാപിച്ചു. കെ സി വേണുഗോപാലും രൺദീപ് സിംഗ് സുർജേവാലയും ചേർന്നാണ് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഏക ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറിനെയും തീരുമാനിച്ചു.
ആഭ്യന്തര വകുപ്പുകളടക്കമുള്ള സുപ്രധാന വകുപ്പുകളാണ് ഡി കെ ശിവകുമാറിന് നൽകിയിരിക്കുന്നത്. കൂടാതെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് വരെ കർണാടക പിസിസി അധ്യക്ഷനായി ഡികെ തുടരും. ശനിയാഴ്ച ഉച്ചക്ക് 12.30നായിരിക്കും സത്യപ്രതിജ്ഞ. മുഖ്യമന്ത്രിക്കൊപ്പം ഏതാനും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.സമാന ചിന്താഗതിക്കാരായ പാർട്ടി നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചിട്ടുണ്ട്.