ലോക്സഭാ തെരഞ്ഞെടുപ്പ്’; ഒരുക്കങ്ങൾ ആലോചിക്കാൻ ഇന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം
ക്രൈസ്തവ സഭകളെ ഒപ്പം നിർത്താനുള്ള ബിജെപി ശ്രമങ്ങൾക്കിടെ, ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആലോചിക്കാൻ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. പത്തനംതിട്ട ജില്ലാ സെക്രട്ടറി എപി ജയനെതിരായ പരാതിയിലെ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് യോഗത്തിലെത്തിയേക്കും. റിപ്പോർട്ടിലെ കണ്ടെത്തലുകൾ ജയനെതിരാണെന്നാണ് സൂചന.
അനധികൃത സ്വത്ത് സമ്പാദന പരാതിയിലാണ് ജയനെതിരെ പാർട്ടി അന്വേഷണകമ്മീഷനെ നിയോഗിച്ചത്. പാർട്ടി ആസ്ഥാനമായ എംഎൻ സ്മാരകം പുനർനിർമിക്കുന്നതാണ് യോഗത്തിലെ മറ്റൊരു അജണ്ട. പാർട്ടിക്ക് ദേശീയ പദവി നഷ്ടപ്പെട്ടതുൾപ്പടെ മറ്റ് ആനുകാലിക രാഷ്ട്രീയ വിഷയങ്ങളും യോഗത്തിൽ ചർച്ചയാകും.
സിപിഐയെ കൂടാതെ ശരദ് പവറിന്റ എൻസിപി, മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് എന്നിവർക്കും ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ടതായി ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അതെ സമയം അരവിന്ദ് കെജ്‌രിവാൾ നയിക്കുന്ന ആം ആദ്മി പാർട്ടി ദേശീയ പാർട്ടിയെന്ന സ്ഥാനം നേടിയയെടുത്തു. നിലവിൽ, ഡൽഹിയിലും പഞ്ചാബിലും ആം ആദ്മി പാർട്ടി അധികാരത്തിലുണ്ട്.
സിപിഐ, എൻസിപി, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികൾ ഇനി മുതൽ പ്രാദേശിക പാർട്ടികളുടെ ഗണത്തിലായിരിക്കും ഉൾപ്പെടുക. ഒരു രാഷ്ട്രീയ പാർട്ടിക്ക് ദേശീയ പാർട്ടിയെന്ന് സ്ഥാനം ലഭിക്കുവാൻ നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടിയെന്ന സ്ഥാനമോ അല്ലെങ്കിൽ ലോക്‌സഭയിൽ 2% സീറ്റുകൾ ലഭിക്കുന്ന അംഗീകൃത സംസ്ഥാന പാർട്ടിയോ ആയിരിക്കണം എന്നാണ് വ്യവസ്ഥ. ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ടാൽ സംസ്ഥാന പാർട്ടിയായി അംഗീകാരമില്ലാത്ത സംസ്ഥനങ്ങളിൽ പാർട്ടിയുടെ സ്ഥാനാർത്ഥികൾക്ക് പൊതുവായ ചിഹ്നം ലഭിക്കില്ല.
ഇന്ന് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത് പ്രകാരം കോൺഗ്രസ്, ബി.ജെ.പി, സി.പി.എം, ബഹുജൻ സമാജ് പാർട്ടി, നാഷണൽ പീപ്പിൾസ് പാർട്ടി (എൻ.പി.പി), ആം ആദ്മി പാർട്ടി എന്നിവരാണ് ഇന്ത്യയിലെ ദേശീയ പാർട്ടികൾ.