Thursday, January 9, 2025
Gulf

ഒറിജനലിനെ വെല്ലുന്ന പാക്കേജിങ്; ബാഗില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന ലഹരി വസ്‍തുക്കള്‍ വിമാനത്താവളത്തില്‍ പിടികൂടി

കുവൈത്ത് സിറ്റി: ലഹരി വസ്‍തുക്കളുമായി കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ വിദേശി പിടിയിലായി. ഇയാളുടെ ബാഗില്‍ അതിവിദഗ്ധമായി ഒളിപ്പിച്ചിരുന്ന ഹാഷിഷ് ആണ് പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. പിടിച്ചെടുത്ത ലഹരി വസ്‍തുക്കളുടെ ചിത്രം കുവൈത്ത് കസ്റ്റംസ് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്തുവിട്ടു.

പിടിയിലായ വ്യക്തി ഒരു യൂറോപ്യന്‍ രാജ്യത്തു നിന്നാണ് കവൈത്തിലേക്ക് വന്നത്. രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള ഇയാളുടെ ശ്രമം ഉദ്യോഗസ്ഥരുടെ ജാഗ്രത കാരണം വിഫലമാവുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. യാത്രക്കാരന്‍ കൊണ്ടുവന്ന ബാഗുകളിലൊന്നിലാണ് ഹാഷിഷ് ഒളിപ്പിച്ചിരുന്നത്. ക്രീമുകളുടെ ഒരു പെട്ടിയിലും ഒരു ലോഹപ്പെട്ടിയിലും മറ്റൊരു ഗ്ലാസ് ബോട്ടിലിലും ആണ് ഇവ ഉണ്ടായിരുന്നത്. പ്രൊഫഷണല്‍ രീതിയില്‍ പാക്ക് ചെയ്‍ത് വീണ്ടും സീല്‍ ചെയ്ത ഈ പാക്കറ്റുകള്‍ ഫാക്ടറി നിര്‍മിത വസ്‍തുക്കളുടേത് പോലെ തന്നെ തോന്നിപ്പിച്ചിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുറന്നെടുത്ത് പരിശോധിച്ചപ്പോഴാണ് എല്ലാത്തിലും ഹാഷിഷ് ആണെന്ന് കണ്ടെത്തിയത്. തുടര്‍ നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട അധികൃതര്‍ കൈമാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *