കർണാടക തെരഞ്ഞെടുപ്പ്: 41 സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടിക കോൺഗ്രസ് പുറത്തുവിട്ടു
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 41 സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടിക പുറത്തിറക്കി കോൺഗ്രസ്. മറ്റു പാര്‍ട്ടികളില്‍ നിന്ന് വന്നവര്‍ക്ക് രണ്ടാംഘട്ട പട്ടികയില്‍ പ്രധാന്യം നല്‍കിയിട്ടുണ്ട്. ബുധനാഴ്ച ചേർന്ന കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗമാണ് സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടിക അംഗീകരിച്ചത്.
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ സിദ്ധരാമയ്യ സിറ്റിംഗ് സീറ്റായ ബദാമിയില്‍ മത്സരത്തിനില്ല എന്നതാണ് രണ്ടാം ലിസ്റ്റിലെ പ്രത്യേകത. മേലുകോട്ട് നിയമസഭാ സീറ്റ് സർവോദയ കർണാടക പാർട്ടിയുടെ ദർശൻ പുട്ടണ്ണയ്യയ്ക്ക് നൽകി. കോലാറില്‍ ഇതുവരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. 124 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക മാർച്ച് 24 ന് കോൺഗ്രസ് പുറത്തിറക്കിയിരുന്നു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ബുധനാഴ്ച ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്. രാഹുൽ ഗാന്ധിയും കർണാടകയിലെ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, സംസ്ഥാന അധ്യക്ഷൻ ഡി.കെ ശിവകുമാർ, സംസ്ഥാനത്തിന്റെ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ചുമതലയുള്ള രൺദീപ് സുർജേവാല എന്നിവരുൾപ്പെടെയുള്ള മുതിർന്ന പാർട്ടി നേതാക്കളും യോഗത്തിൽ പങ്കെടുത്തു.
ബിജെപി അധികാരത്തിലുള്ള ഏക ദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണാടകയിൽ നിന്ന് അധികാരം പിടിച്ചെടുക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. 224 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് മെയ് 10 നും ഫലപ്രഖ്യാപനം മെയ് 13 നും നടക്കും.