കാട്ടാക്കട കോളജിലെ ആള്‍മാറാട്ടം: ഇടപെട്ട് ഗവർണർ, പ്രിൻസിപ്പൽ കൂടുതൽ കുരുക്കിലേക്ക്
കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ എസ്.എഫ്.ഐ ആള്‍മാറാട്ടത്തില്‍ പ്രിന്‍സിപ്പല്‍ കൂടുതല്‍ കുരുക്കിലേക്ക്. തെരഞ്ഞെടുപ്പില്‍ വിശാഖ് മത്സരരംഗത്തുണ്ടായിരുന്നില്ലെന്നും മറ്റു രണ്ടു പേരാണ് വിജയിച്ചതെന്നും റിട്ടേണിംഗ് ഓഫീസര്‍ കേരള സര്‍വകലാശാലയെ അറിയിച്ചു. അതേസമയം വിഷയത്തില്‍ ഇടപെട്ട് ഗവർണർ. ആള്‍മാറാട്ടം വിശദമായി പരിശോധിക്കുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ. അതിനിടെ കുറ്റാരോപിതനായ എ.വിശാഖിനെ സിപിഐഎം പുറത്താക്കി.
ആള്‍മാറാട്ട വിവാദത്തില്‍ കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് പ്രിന്‍സിപ്പല്‍ കൂടുതല്‍ കുരുക്കിലേക്ക് നീങ്ങുകയാണ്. തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ നേതാവായ എ.വിശാഖ് മത്സരരംഗത്തുണ്ടായിരുന്നില്ലെന്ന് റിട്ടേണിംഗ് ഓഫീസറായ അധ്യാപകന്‍ കേരള സര്‍വകലാശലയെ അറിയിച്ചു. സര്‍വകലാശാല ആവശ്യപ്പെട്ടതനുസരിച്ച് നേരിട്ടെത്തിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിജയിച്ചത് അനഘയും ആരോമലുമാണെന്നും റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു.
ഇതോടെ പ്രിന്‍സിപ്പലിനെതിരെ നടപടി ഉറപ്പായി. വിശാഖിന്റെ പേര് ചേര്‍ത്തത് പിശക് എന്ന് ആവര്‍ത്തിക്കുകയാണ് പ്രിന്‍സിപ്പല്‍. അനഘ വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവച്ചെന്നു പറയുന്ന പ്രിന്‍സിപ്പല്‍ രാജിക്കത്തും സര്‍വകലാശാലയില്‍ ഹാജരാക്കി. എന്നാല്‍ മത്സരിക്കാത്ത വിശാഖിന്റെ പേര് ചേര്‍ത്തത്തില്‍ വ്യക്തമായ വിശദീകരണം നല്‍കിയിട്ടില്ല. ഇതിനിടെയാണ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെട്ടത്. ആള്‍മാറാട്ടം വിശദമായി പരിശോധിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഇങ്ങനെയൊക്കെയാണോ ജനാധിപത്യത്തെ കുറിച്ച് കുട്ടികളെ പഠിപ്പിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റിയംഗമായ വിശാഖിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറക്കാക്കി. വിശാഖിനെ ഇന്നലെ എസ്.എഫ്.ഐയും പുറത്താക്കിയിരുന്നു. നാളെ ചേരുന്ന സിപിഐഎം ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ തീരുമാനിക്കും. പുതിയ തെരഞ്ഞെടുപ്പ് തീയതയും പ്രിന്‍സിപ്പലിനെതിരെയുള്ള നടപടിയും തീരുമാനിക്കാന്‍ ശനിയാഴ്ച അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ചേരും.