കണ്ണൂരിലെ ഒന്നര വയസ്സുകാരന്റെ കൊലപാതകം: ശരണ്യയുടെ കാമുകൻ താനല്ലെന്ന് പ്രതി നിധിൻ
കണ്ണൂർ തയ്യിലിൽ ഒന്നര വയസ്സുകാരനെ അമ്മ കടൽ ഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ ശരണ്യയുടെ കാമുകനും കൂട്ടുപ്രതിയുമായ നിധിൻ പുതിയ വാദങ്ങളുമായി രംഗത്ത്. ശരണ്യയുടെ കാമുകൻ താനല്ലെന്നും മറ്റൊരാളാണെന്നും നിധിൻ പറയുന്നു
കേസിൽ വീണ്ടും അന്വേഷണം വേണം. സാക്ഷി പട്ടികയിലെ അരുൺ എന്നയാളാണ് ശരണ്യയുടെ കാമുകൻ എന്ന് നിധിൻ വാദിക്കുന്നു. ശരണ്യയും നിധിനും ഗൂഢാലോചന നടത്തിയാണ് കൊലപാതകം നടത്തിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
കേസ് വഴി തിരിച്ചു വിടാനുള്ള പ്രതിയുടെ ശ്രമമാണിതെന്ന് പോലീസ് പറയുന്നു. നിധിന് ഇത്തരം ഹർജി സമർപ്പിക്കാൻ നിയമപരമായി സാധിക്കില്ലെന്നും കോടതി ഇത് പരിഗണിക്കാൻ സാധ്യതയില്ലെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി 17നാണ് പുലർച്ചെ മൂന്നരയോടെ ഉറങ്ങിക്കിടന്ന കുട്ടിയെ ശരണ്യ കടൽഭിത്തിയിലേക്ക് എറിഞ്ഞു കൊന്നത്. തുടർന്ന് ഇവർ വന്ന് കിടന്നുറങ്ങുകയും ചെയ്തു. ഭർത്താവിനെ കുടുക്കാൻ ലക്ഷ്യമിട്ടായിരുന്നു കൊലപാതകം