‘ക്രൈസ്തവവേട്ടയാണ് മണിപ്പൂരിലെങ്കില്‍ ഉത്തരാഖണ്ഡില്‍ ആസൂത്രിതമായ മുസ്ലിം വേട്ടയാണ് നടക്കുന്നത്’; സംഘപരിവാറിനെതിരെ മന്ത്രി റിയാസ്
ആസൂത്രിതമായ അക്രമങ്ങളിലൂടെ ഉത്തരാഖണ്ഡിലും മണിപ്പൂരിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയ നേട്ടം കൊയ്യാനാണ് ഹിന്ദുത്വ സംഘടനകള്‍ ശ്രമിക്കുന്നതെന്ന വിമര്‍ശനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. മണിപ്പൂരില്‍ നടക്കുന്നത് ക്രൈസ്തവ വേട്ടയാണെങ്കില്‍ ഉത്തരാഖണ്ഡില്‍ ആസൂത്രിതമായ മുസ്ലീം വേട്ടയാണ് നടക്കുന്നതെന്ന് മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. ബിജെപി മണിപ്പൂരില്‍ അധികാരത്തില്‍ വന്ന 2017 ന് ശേഷമാണ് സംസ്ഥാനത്ത് വര്‍ഗീയവംശീയ സംഘര്‍ഷങ്ങള്‍ രൂക്ഷമായത്. ‘മുസ്ലിങ്ങളില്ലാത്ത ഉത്തരാഖണ്ഡ്’ എന്ന അങ്ങേയറ്റം വര്‍ഗ്ഗീയ ഉള്ളടക്കമുള്ള ക്യാമ്പെയിനാണ് ഹിന്ദുത്വ ശക്തികള്‍ ഉത്തരാഖണ്ഡില്‍ നടത്തുന്നത്. മണിപ്പൂരും ഉത്തരാഖണ്ഡും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പുതിയ പരീക്ഷണശാലകളായി മാറുമ്പോള്‍ അതിനെ ചെറുക്കേണ്ടത് അനിവാര്യമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍.