Monday, April 14, 2025
Kerala

പത്തനംതിട്ടയില്‍ എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു

പത്തനംതിട്ടയില്‍ എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. പത്തനംതിട്ട അടൂര്‍ പെരിങ്ങനാട് സ്വദേശി രാജന്‍ ആണ് മരിച്ചത്. 60 വയസായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

മഴ മൂലം പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്നത് തടയാന്‍ സംസ്ഥാനം കനത്ത ജാഗ്രതയിലാണ്. മണ്ണിലും വെള്ളത്തിലും ഇറങ്ങുന്നവര്‍, ജോലി ചെയ്യുന്നവര്‍, കളിക്കുന്നവര്‍, തൊഴിലുറപ്പ് ജോലിക്കാര്‍ എന്നിവര്‍ എലിപ്പനി ബാധിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ഹൈ റിസ്‌ക് ജോലി ചെയ്യുന്നവര്‍ ഗ്ലൗസും കാലുറയും ഉപയോഗിക്കണം.

എലിപ്പനിയെ പ്രതിരോധിക്കാന്‍ മണ്ണിലും, ചെളിയിലും, കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ഉപദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ ആഴ്ചയിലൊരിക്കല്‍ കഴിക്കേണ്ടതാണ്. ആരോഗ്യ കേന്ദ്രങ്ങള്‍ വഴി ഡോക്‌സിസൈക്ലിന്‍ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. ഏത് പനിയും എലിപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

Leave a Reply

Your email address will not be published. Required fields are marked *