സവർക്കറെ സിലബസിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം വിപരീത ഫലമുണ്ടാക്കും: കർണാടക സർക്കാരിനെതിരെ രഞ്ജിത് സവർക്കർ
പാഠപുസ്തകങ്ങളിൽ നിന്ന് ഹിന്ദുത്വ സൈദ്ധാന്തികൻ വി.ഡി സവർക്കറെക്കുറിച്ചുള്ള അധ്യായം ഒഴിവാക്കാനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ സവർക്കറുടെ ചെറുമകൻ രഞ്ജിത് സവർക്കർ. പുസ്തകത്തിലെ ഒരു അധ്യായം ഇല്ലാതാക്കിയാൽ സവർക്കറെ കുറിച്ച് അറിയാനുള്ള വിദ്യാർഥികളുടെ അവസരം നഷ്ടപ്പെടുമെന്ന് കോൺഗ്രസ് കരുതുന്നു. കർണാടക സർക്കാരിന്റെ തീരുമാനത്തിന് തുല്യവും വിപരീതവുമായ ഫലമുണ്ടാകുമെന്നും രഞ്ജിത് സവർക്കർ.
ഗോവയിൽ നടന്ന ഒരു പരിപാടിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് രഞ്ജിത് സവർക്കറുടെ പ്രതികരണം. പാഠപുസ്തകങ്ങളിൽ നിന്ന് ഒരു അധ്യായം ഇല്ലാതാക്കുന്നതിലൂടെ, സവർക്കറെക്കുറിച്ച് അറിയാനുള്ള വിദ്യാർഥികളുടെ അവസരം നഷ്ടപ്പെടുത്താൻ കഴിയുമെന്ന് കോൺഗ്രസ് കരുതുന്നു. സവർക്കറെക്കുറിച്ചുള്ള നിരവധി വസ്തുതകൾ സോഷ്യൽ മീഡിയയിൽ ലഭ്യമാണ്. സവർക്കർ മെമ്മോറിയൽ വെബ്‌സൈറ്റിൽ അദ്ദേഹത്തിന്റെ ജീവിതം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കന്നഡയിലും ഇവ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
‘സിലബസിൽ നിന്ന് ചാപ്റ്റർ ഒഴിവാക്കിയെന്ന് കരുതി ഒരു മാറ്റവും ഉണ്ടാകില്ല. എത്ര കഠിനമായി അടിച്ചമർത്താൻ ശ്രമിക്കുന്നുവോ അത്രയും ഉയരത്തിൽ അത് തിരിച്ചുവരും. അതൊരു സ്വാഭാവിക പ്രതികരണമാണ്. ഓരോ പ്രവൃത്തിക്കും തുല്യവും വിപരീതവുമായ പ്രതികരണമുണ്ട്.’ – ന്യൂട്ടന്റെ മൂന്നാം നിയമം ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ആർഎസ്എസ് സ്ഥാപകൻ കെ.ബി ഹെഡ്ഗേവാർ, വി.ഡി സവർക്കർ എന്നിവരെ കുറിച്ചുള്ള അധ്യായങ്ങൾ ഒഴിവാക്കി സംസ്ഥാനത്തെ 6 മുതൽ 10 വരെ ക്ലാസുകളിലെ കന്നഡ, സോഷ്യൽ സയൻസ് പാഠപുസ്തകങ്ങൾ പരിഷ്കരിക്കാൻ കോൺഗ്രസ് നേതൃത്വത്തിലുള്ള കർണാടക സർക്കാർ തീരുമാനിച്ചിരുന്നു. ബിജെപിയും തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു.