Monday, January 6, 2025
Kerala

മാത്യു കുഴൽനാടനെ വളഞ്ഞിട്ട് ആക്രമിക്കാൻ അനുവദിക്കില്ല, പാർട്ടി പൂർണ പിന്തുണ നൽകും: കെ മുരളീധരൻ

കോഴിക്കോട്: കള്ളപ്പണം വെളുപ്പിച്ചെന്നും നികുതി വെട്ടിച്ചെന്നുമുള്ള ആരോപണങ്ങൾ നേരിടുന്ന മാത്യു കുഴൽനാടൻ എംഎൽഎയെ വളഞ്ഞിട്ട് ആക്രമിക്കാൻ അനുവദിക്കില്ലെന്ന് കെ മുരളീധരൻ. ഏത് അന്വേഷണവും മാത്യു കുഴൽനാടൻ തന്നെ സ്വാഗതം ചെയ്തിട്ടുണ്ട്. കേസ് അന്വേഷിക്കേണ്ടത് കേന്ദ്ര ഏജൻസികളാണ്. ബിജെപി ഞങ്ങളോട് മെക്കിട്ട് കയറിയിട്ട് കാര്യമില്ലെന്നും കെ മുരളീധരൻ പറഞ്ഞു.

എൻഎസ്എഎസിനെതിരായ കേസ് പിൻവലിക്കാൻ ഉള്ള നീക്കം നടന്നാൽ നല്ല കാര്യമെന്നും അദ്ദേഹം പറഞ്ഞു. എൻഎസ്എസ് വർഗീയ സംഘടനയല്ലെന്ന് സിപിഎം പറയുന്നത് സന്തോഷമാണ്. അയ്യപ്പനെ തൊട്ടപ്പോൾ സിപിഎമ്മിന്റെ കൈ പൊള്ളി. ഇത് പോലെ ഗണപതിയെ തൊട്ടപ്പോൾ കൈയ്യും മുഖവും പൊള്ളി. അതുകൊണ്ട് എംവി ഗോവിന്ദൻ പ്ലേറ്റ് മാറ്റുകയാണ്. സിപിഎം ഈ നിലപാട് സെപ്റ്റംബർ അഞ്ച് കഴിഞ്ഞാലും തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പുതുപ്പള്ളിയിൽ യുഡിഎഫിന് ജയം സുനിശ്ചിതമാണെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥികളെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് ശരിയല്ല. മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്തിയാൽ കുട്ടി പുറത്തും കത്രിക അകത്തും എന്ന സ്ഥിതിയാണെന്ന് ഹർഷിനയുടെ സമരവുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതികരിച്ചു. സമരത്തിന് കോൺഗ്രസ് പൂർണ പിന്തുണ നൽകും. ആരോഗ്യ വകുപ്പ് തെറ്റ് അംഗീകരിക്കാൻ തയ്യാറാവുന്നില്ല. മെഡിക്കൽ ബോർഡിന് എതിരെ ആക്ഷേപം ഉണ്ടെന്നും ഡോക്ടർക്ക് എതിരെ നടപടി എടുക്കാൻ ആരോഗ്യ മന്ത്രി തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *