വൈദ്യുതി ബോർഡിന്റെ പ്രതിസന്ധി അതിരൂക്ഷം: നിരക്ക് വർധന ചർച്ച ചെയ്യാൻ യോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ, നിരക്ക് വർധന അടക്കം ചർച്ച ചെയ്യാൻ വൈദ്യുതി മന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്. വൈകീട്ട് നാല് മണിക്കാണ് യോഗം ചേരുക. ആഭ്യന്തര വൈദ്യുതി ഉത്പാദനം കുറഞ്ഞതോടെ കടുത്ത പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നത്. സംഭരണശേഷിയുടെ 30% വെള്ളം മാത്രമാണ് ഡാമുകളിൽ ശേഷിക്കുന്നത്. ദിവസവും 10 കോടി രൂപയുടെ വൈദ്യുതി പുറത്ത് നിന്ന് വാങ്ങുന്നുണ്ട്. പുറത്ത് നിന്നും വൈദ്യുതി വാങ്ങുന്നതനുസരിച്ച് സർചാർജ് കൊണ്ടുവരാനാണ് ആലോചന. പ്രതിസന്ധി പരിഹരിക്കാൻ നിരക്ക് വർധന വേണ്ടിവരുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു.
വൈദ്യുതി നിരക്ക് വർദ്ധന ഉടനുണ്ടാകുമെന്ന സൂചന നൽകി വൈദ്യുതി മന്ത്രി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. അവശ്യസാധനങ്ങൾക്കും വെളളക്കരത്തിനുമൊപ്പമാണ് വൈദ്യുതി നിരക്കും കൂടുന്നത്. ഓണത്തിന് മുൻപ് തന്നെ നിരക്ക് വർധനയുടെ പ്രഖ്യാപനം ഉണ്ടാകും. മഴ കുറഞ്ഞതോടെ, വൈദ്യുതോത്പാദനം ഇടിഞ്ഞെന്നും അധിക വൈദ്യുതി പണം കൊടുത്ത് പുറത്ത് നിന്ന് വാങ്ങേണ്ടിവരുമെന്നും വിലയിരുത്തലുണ്ട്. കൽക്കരിയുടെ വില ഉയർന്ന സമയത്തും നിരക്ക് വർദ്ധിപ്പിച്ചിരുന്നു.
മന്ത്രിയുടെ അധ്യക്ഷതയിലാണ് ഇന്ന് യോഗം ചേരുന്നത്. അധിക വൈദ്യുതി വാങ്ങുന്നതടക്കം വിഷയങ്ങളിൽ ഇന്നത്തെ യോഗത്തിൽ തീരുമാനമുണ്ടാകും. ഉയർന്ന തോതിൽ വൈദ്യുതി ഉപയോഗിക്കുന്ന എച്ച് ടി ഉപഭോക്താക്കളുടെ ഹർജിയിൽ നിരക്ക് വർധനക്ക് ഹൈക്കോടതി താത്കാലിക സ്റ്റേ നൽകിയിട്ടുണ്ട്. കോടതി ഇന്ന് കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്. സ്റ്റേ നീങ്ങിയാൽ രണ്ടാഴ്ച്ചക്കകം തന്നെ റെഗുലേറ്ററി കമ്മീഷൻ നിരക്കുയർത്തി ഉത്തരവിറക്കും.