Friday, January 3, 2025
Kerala

എലത്തൂർ ട്രെയിൻ ആക്രമണം: കേരള പൊലീസിന്റെ അന്വേഷണത്തിനെതിരെ കേന്ദ്രമന്ത്രി മുരളീധരൻ

കോഴിക്കോട്: കേരള പോലീസിന്റെ എലത്തൂർ ട്രെയിൻ ആക്രമണ കേസ് അന്വേഷണത്തിന് എതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ. പ്രതി കേരളം വിട്ട് പോയത് സംസ്ഥാന പൊലീസിന്റെ കാര്യക്ഷമമായ നടപടികൾ ഉണ്ടാവാത്തതിനാലാണ്. സംഭവത്തിൽ ഇപ്പോഴും ദുരൂഹതകൾ തുടരുകയാണ്. വിവിധ അന്വേഷണ ഏജൻസികളുടെ അന്വേഷണം പുരോഗമിക്കുന്നുണ്ട്. കേന്ദ്ര ഏജൻസികൾ പ്രാഥമിക അന്വേഷണം നടത്തിയെന്നും അദ്ദേഹം പ്രതികരിച്ചു. ആക്രമണത്തിൽ ഇരകളുടെ വീട് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന അനിൽ ആന്റണി കുഴിയാനയെന്ന കെ സുധാകരന്റെ പ്രസ്താവനയിലും മുരളീധരൻ വിമർശനം ഉന്നയിച്ചു. കെ സുധാകരൻ ആരെയാണ് കുഴിയാനയെന്ന് വിളിച്ചത്? അനിൽ ആന്റണിയെ ആണെങ്കിൽ എകെ ആന്റണിയും കുഴിയാനയല്ലേ? എകെ ആന്റണി ആദർശ ധീരനായ നേതാവാണ്. കെ സുധാകരന്റെ സൈബർ സംഘമാണ് എകെ ആന്റണിയെ ആക്രമിക്കുന്നത്. ഇനിയും നേതാക്കൾ ബിജെപിയിലേയ്ക്ക് വരുമെന്നും വി മുരളീധരൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *