മിനി കൂപ്പർ വിവാദം; പാർട്ടി നടപടി അംഗീകരിക്കുന്നു എന്ന് സിഐടിയു നേതാവ് പി കെ അനിൽകുമാർ
മിനി കൂപ്പർ വിവാദത്തിൽ പാർട്ടി സ്വീകരിച്ച നടപടി അംഗീകരിക്കുന്നതായി സിഐടിയു നേതാവ് അനിൽകുമാർ. വിവാദത്തിൽ വിശദീകരണം നൽകിയിരുന്നു. പാർട്ടി തീരുമാനം അന്തിമമാണ്. അത് ചോദ്യം ചെയ്യുന്നില്ല. മറ്റു പ്രതികരണങ്ങൾക്ക് ഇല്ല എന്ന് അദ്ദേഹം വ്യക്തമാക്കി. മിനി കൂപ്പർ വാങ്ങി ചിത്രം ഫേസ് ബുക്കിൽ പങ്കുവെച്ചതോടെയാണ് സിഐടിയു നേതാവ് അനിൽകുമാർ വിവാദത്തിലായത്. ഇതിലാണ് പാർട്ടി നടപടിയുണ്ടായിരിക്കുന്നത്. തുടർന്ന്, പെട്രോളിയം ആൻറ് ഗ്യാസ് വർക്കേഴ്സ് യൂണിയൻ സിഐടിയു ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ പുറത്താക്കി.
കൂടാതെ, അനിൽകുമാറിനെ പാർട്ടി അംഗത്വത്തിൽ നിന്നും നീക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ എറണാകുളം ജില്ലാ കമ്മറ്റി യോഗത്തിൽ അറിയിച്ചു. യൂണിയൻ പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് പാർട്ടി ജില്ലാ സെക്രട്ടറി സി എൻ മോഹനനെ മാറ്റാനും തീരുമാനമായി. ഇത്തരക്കാരുടെ പാർട്ടിയല്ല ഇതെന്ന് എം വി ഗോവിന്ദൻ എറണാകുളം ജില്ലാ കമ്മറ്റി യോഗത്തിൽ തുറന്നടിച്ചു.
സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന യൂണിയനായതിനാൽ സംസ്ഥാന നേതൃത്വത്തിൽ നിന്ന് ആരെങ്കിലും ഭാരവാഹിയാകട്ടെയെന്നും നേതൃത്വം നിലപാടെടുത്തു. തൃക്കാക്കര തെരഞ്ഞെടുപ്പ് പരാജയം സംഘടന ദൗർബല്യമെന്ന് വിലയിരുത്തിയ നേതൃത്വം അന്വേഷണ കമ്മീഷൻ റിപ്പോർട്ടുണ്ടെങ്കിലും ആർക്കെതിരെയും നടപടിയെടുത്തിട്ടില്ല. എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ കമ്മീഷനുമായി സഹകരിച്ചില്ലെന്നും, ചോദ്യാവലി പോലും പൂരിപ്പിച്ച് നൽകാൻ തയ്യാറായില്ലെന്നും റിപ്പോർട്ടിൽ ഗുരുതര പരാമർശമുണ്ട്