‘അധിക ചുമതല ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ടിരുന്നു’; ജില്ലാ സ്‌പോർട്‌സ് കൗൺസിൽ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ പ്രതികരണവുമായി പി.വി ശ്രീനിജൻ എംഎൽഎ
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പിവി ശ്രീനിജിൻ എംഎൽഎയെ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയ തീരുമാനത്തിൽ പ്രിതികരണവുമായി പി.വി ശ്രീനിജൻ. പാർട്ടി തീരുമാനത്തിൽ അസ്വഭാവികത ഒന്നും തോന്നുന്നില്ലെന്നും അധിക ചുമതല ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ശ്രീനിജൻ പറയുന്നു. നേരത്തെ കൊടുത്ത കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പാർട്ടിയിൽ നിന്ന് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചാൽ രാജി വെക്കുമെന്നും പിവി ശ്രീനിജൻ പറഞ്ഞു.
എംഎൽഎ സ്ഥാനവും സ്‌പോർട്ട്‌സ് കൗൺസിൽ അധ്യക്ഷസ്ഥാനവും ഒരുമിച്ച് വഹിക്കേണ്ടെന്നാണ് പാർട്ടി തീരുമാനം. വ്യാഴാഴ്ച ചേർന്ന ജില്ല സെക്രട്ടേറിയറ്റിലാണ് പി.വി ശ്രീനിജനെ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കാൻ തീരുമാനമായത്.
കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ സെലക്ഷൻ ട്രയൽസ് പി.വി ശ്രീനിജൻ തടഞ്ഞത് വലിയ വിവാദമായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ അണ്ടർ 17 ഫുട്‌ബോൾ ടീം സിലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് കുട്ടികളാണ് എത്തിയിരുന്നത്. എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് വാടക നൽകാൻ ഉണ്ടെന്ന് ആരോപിച്ച് ജില്ല സ്‌പോർട്‌സ് കൗൺസിൽ പ്രസിഡൻറ് കൂടിയായ പി വി ശ്രീനിജൻ എംഎൽഎ സിലക്ഷൻ ട്രയൽസ് നടക്കേണ്ട ഗ്രൗണ്ടിന്റെ ഗേറ്റ് അടച്ചു പൂട്ടിയതോടെ കുട്ടികൾ പ്രതിസന്ധിയിലാവുകയായിരുന്നു.