സിപിഎം, സിഐടിയു സമ്മർദ്ദം; ഓണസദ്യ മാലിന്യത്തിലെറിഞ്ഞ സംഭവത്തിൽ ശുചീകരണത്തൊഴിലാളികളെ തിരിച്ചെടുക്കാൻ ധാരണ
തിരുവനന്തപുരം: ഓണസദ്യ മാലിന്യത്തിലെറിഞ്ഞ സംഭവത്തിൽ നടപടിയെടുത്ത ശുചീകരണ തൊഴിലാളികളെ തിരിച്ചെടുക്കാൻ ധാരണ. ഇവർക്കെതിരെയുള്ള നടപടി പിൻവലിക്കും. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സിപിഎം, സിഐടിയു ജില്ലാ നേതൃത്വവും തമ്മിലുള്ള ചർച്ചയിലാണ് ധാരണ. തിരുവനന്തപുരം നഗരസഭയിൽ ഭക്ഷണം മാലിന്യത്തിലെറിഞ്ഞ് പ്രതിഷേധിച്ച സംഭവമുണ്ടായത്. ഓണാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നാണ് തൊഴിലാളികൾ ഓണസദ്യ മാലിന്യത്തിൽ ഉപേക്ഷിച്ചത്.
ഏഴ് സ്ഥിരം ജീവനക്കാരെ സസ്‌പെൻഡ് ചെയ്യുകയും നാല് താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. ഇവർക്കെതിരെയുള്ള നടപടിക്ക് പിന്നാലെ രൂക്ഷ വിമർശനമുയർന്നു. പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുന്നത് സിപിഎം നയമല്ലെന്ന് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചു. തൊഴിലാളികളെ പിരിച്ചുവിട്ട നടപടിക്കെതിരെ സിഐടിയുവും രംഗത്തെത്തിയിരുന്നു.
ഓണസദ്യ മാലിന്യക്കുപ്പയിൽ തള്ളിയതിന്റെ പേരിൽ ശുചീകരണ തൊഴിലാളികൾക്കെതിരെ എടുത്ത നടപടി പിൻവലിക്കണമെന്ന് സിഐടിയു ആവശ്യപ്പെട്ടിരുന്നു. നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് കത്ത് നൽകുകയും ചെയ്തു. നടപടി പിൻവലിച്ചില്ലെങ്കിൽ തിങ്കളാഴ്ച കോര്‍പ്പറേഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുമെന്ന് ശുചീകരണ തൊഴിലാളികളും വ്യക്തമാക്കി. ഓണാവധിക്ക് ശേഷം തിങ്കളാഴ്ച കോർപ്പറേഷൻ ഓഫീസ് തുറക്കാനിരിക്കെയാണ് സിഐടിയു സമ്മർദ്ദം ശക്തമാക്കി രംഗത്തെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറിയും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും വിരുദ്ധാഭിപ്രായങ്ങൾ പറഞ്ഞിരുന്നു. പ്രതിഷേധിക്കുന്നവരെ ജോലിയിൽ നിന്ന് പുറത്താക്കുന്ന പാർട്ടിയല്ല സിപിഎം എന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചത്. അതേസമയം എന്തിന്‍റെ പേരിലായാലും ഭക്ഷണം വലിച്ചറിഞ്ഞത് അവിവേകമാണെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു.
ജോലിയെല്ലാം നേരത്തെ തീർത്തിട്ടും ഓണാഘോഷത്തിന് തൊട്ടു മുമ്പ് അറവുമാലിന്യം പെറുക്കാൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആവശ്യപ്പെട്ടതിനെതിരെയായിരുന്നു ശനിയാഴ്ച സിഐടിയു തൊഴിലാളികൾ തിരുവനന്തപുരം കോർപ്പറേഷനിൽ പ്രതിഷേധിച്ചത്.