Wednesday, January 8, 2025
Kerala

ഗ്യാസ് ഏജൻസി; സിഐടിയു സമരം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് എറണാകുളം ഡിസിസി

​ഗ്യാസ് ഏജൻസിക്കെതിരായ സിഐടിയു സമരം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. പാചക വാതക വിതരണം പുനഃസ്ഥാപിച്ചില്ലെങ്കിൽ സ്ത്രീകളുടെ നേതൃത്വത്തിൽ തുടർ സമരം നടത്തും. വനിതാ സമരത്തിൽ സിപിഐഎം നേതാക്കളുടെ ഭാര്യമാരെയും ഉൾപ്പെടുത്തും. ഗ്യാസ് ഏജൻസിക്ക് പൊലീസ് സംരക്ഷണം നൽകണമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു

എറണാകുളം വൈപ്പിനിൽ ഗ്യാസ് ഏജൻസി നടത്തുന്ന യുവതിയെ സിഐടിയു പ്രവർത്തകർ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ജില്ലാ വ്യവസായ ഓഫിസർ വ്യവസായ മന്ത്രിക്ക് റിപ്പോർട്ട് നൽകും. പിരിച്ചുവിടൽ അടക്കമുള്ള പ്രശ്നങ്ങൾ ജില്ലാ ലേബർ ഓഫീസറെ തൊഴിലാളി സംഘടന രേഖാമൂലം അറിയിച്ചില്ലെന്നാണ് സൂചന. ഇത് ചൂണ്ടിക്കാട്ടി ജില്ലാ ലേബർ ഓഫിസർ സംസ്ഥാന ലേബർ കമ്മീഷണർക്ക് റിപ്പോർട്ട് നൽകി.

വൈപ്പിനിൽ ഗ്യാസ് ഏജൻസി നടത്തുന്ന സംരംഭകയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ തൊഴിലാളി സംഘടയ്ക്ക് വീഴ്ച പറ്റിയെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇത് സംബന്ധിച്ച് ജില്ലാ ലേബർ ഓഫിസർ, ലേബർ കമ്മിഷണർക്ക് റിപ്പോർട്ട് നൽകി. വിഷയത്തെ നിയമപരമായി അല്ല സിഐടിയു കൈകാര്യം ചെയ്തത് എന്നും, തൊഴിൽ ഉടമയെ കുറിച്ച് പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്നുമാണ് ജില്ലാ ലേബർ ഓഫിസ് നൽകുന്ന വിവരം. അതേ സമയം ഏജൻസി ഉടമയുടെ പരാതിയിൽ കേസെടുത്ത മുനമ്പം പൊലീസ് അന്വേഷണം ആരംഭിച്ചു. മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഏജൻസി ഉടമയുടെ ഓഫിസിലും ഗോ ടൗണിലും എത്തി മൊഴി എടുത്തു. ഭീഷണിയുടെ പശ്ചാത്തലത്തിൽ പ്ലാന്‍റ് വീണ്ടും തുറന്ന് പ്രവർത്തിക്കാൻ പൊലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് സംരഭക ഹൈക്കോടതിയെ സമീപിച്ചു.

പാചകവാതക വിതരണ തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറിയടക്കം ഏഴുപേർക്കെതിരെയാണ് മുനമ്പം പൊലീസ് കേസെടുത്തിരിക്കുന്നത്. ഇവരെയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഉള്ള സംഘം ചോദ്യം ചെയ്യും. യൂണിയൻ ആരംഭിച്ചതിലുള്ള വൈരാഗ്യമാണ് ഉടമയുടെ പരാതിക്ക് പിന്നിലെന്നാണ് പിരിച്ചു വിട്ട തൊഴിലാളികൾ വാദിക്കുന്നത്. ഭീഷണിയെ തുടർന്ന് ഗ്യാസ് ഏജൻസി 5 ദിവസമായി വാഹനങ്ങളിൽ സിലിണ്ടർ എത്തിക്കുന്നില്ല. ഇതേ തുടർന്ന് ഏജൻസിയിൽ നേരിട്ട് എത്തിയാണ് പലരും സിലിണ്ടർ നിറയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *