Saturday, October 19, 2024
Kerala

ശബരിമല: ഞായറാഴ്ച നടതുറക്കും; തിങ്കളാഴ്ച മുതല്‍ ഭക്തര്‍ക്ക് പ്രവേശനം

തിരുവനന്തപുരം: ചിത്തിര ആട്ടത്തിരുനാള്‍ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട വെളളിയാഴ്ച 7.30ന് അടച്ചു. മണ്ഡലകാല പൂജക്കായി ഇനി ഞായറാഴ്ച വൈകുന്നേരം 5 മണിക്കാണ് നട തുറക്കുക. ക്ഷേത്ര തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എ കെ സുധീര്‍ നമ്പൂതിരി നട തുറന്ന് ദീപംതെളിയിക്കും.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ശബരിമല മേല്‍ശാന്തി വി കെ ജയരാജ് പോറ്റി, മാളികപ്പുറം മേല്‍ശാന്തി എം എന്‍ രാജികുമാര്‍ എന്നിവരുടെ അഭിഷേകച്ചടങ്ങുകള്‍ ഞായറാഴ്ച തന്നെ പൂര്‍ത്തിയാക്കും.

ചിത്തിര ആട്ടത്തിരുനാളിനായി നട തുറന്ന രണ്ട് ദിവസങ്ങളിലും അയ്യപ്പഭക്തര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. നവംബര്‍ 16ന് പുലര്‍ച്ചെ മുതല്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത അയ്യപ്പഭക്തരെ ദര്‍ശനത്തിനായി സന്നിധാനത്തേക്ക് കടത്തിവിടും. ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്കും സന്നിധാനത്തും പമ്പയിലും നിലക്കലും ഡ്യൂട്ടിക്കെത്തുന്ന ഉദ്യോഗസ്ഥര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും 24 മണിക്കൂറിനുള്ളില്‍ നടത്തിയ കൊവിഡ്- 19 പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ആരോഗ്യവകുപ്പ് പുറത്തിറക്കിയ കൊവിഡ്- 19 സുരക്ഷാ മാനദണ്ഡങ്ങളും ഭക്തര്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്.

Leave a Reply

Your email address will not be published.