കാപ്പാട് ബീച്ചില്‍ നാളെ മുതല്‍ പ്രവേശനം അനുവദിക്കും
കോഴിക്കോട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കാപ്പാട് ബീച്ചില്‍ നാളെ മുതല്‍ പ്രവേശനം അനുവദിക്കുമെന്ന് ഡിറ്റിപിസി സെക്രട്ടറി അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ഒരു മണിക്കൂര്‍ മാത്രമേ വാഹന പാര്‍ക്കിങ് അനുവദിക്കൂ. പ്രകൃതി സൗഹൃദ ബീച്ചുകള്‍ക്ക് ലഭിക്കുന്ന അന്താരാഷ്ട്ര ബഹുമതിയായ ബ്ലൂ ഫ്‌ലാഗ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച കേരളത്തിലെ ഏക ബീച്ചാണ് കാപ്പാട്. ഇവിടെ വാഹന പാര്‍ക്കിങ്ങിന് തുക ഈടാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെയും ജനപ്രതിനിധികളുടെയും സര്‍വ്വകക്ഷി യോഗ തീരുമാനപ്രകാരം ഇരുചക്രവാഹനങ്ങള്‍ക്ക് 10 രൂപയും മുച്ചക്ര / നാലുചക്ര വാഹനങ്ങള്‍ക്ക് 30 രൂപയും ബസ് / ഹെവി വാഹനങ്ങള്‍ക്ക് 50 രൂപയും മണിക്കൂറിന് ഈടാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രവേശനം മാത്രം അനുവദിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ടിക്കറ്റിന് തദ്ദേശവാസികളില്‍ നിന്നും 10 രൂപയും മറ്റുള്ളവരില്‍ മുതിര്‍ന്നവരില്‍ നിന്നും 50 രൂപയും കുട്ടികളില്‍ നിന്ന് 25 രൂപയും ഈടാക്കും. കടലില്‍ കുളിക്കാനുള്ള സൗകര്യം കൂടി ഉള്‍പ്പെടുന്ന പ്രീമിയം ടിക്കറ്റിന് മുതിര്‍ന്നവര്‍ക്ക് 100 രൂപയും കുട്ടികള്‍ക്ക് 50 രൂപയും വിദേശ പൗരന്മാരില്‍ മുതിര്‍ന്നവര്‍ക്ക് 150 രൂപയും കുട്ടികള്‍ക്ക് 75 രൂപയുമാണ് നിരക്ക്.