ശബരിമല ദർശനം: വെർച്വൽ ക്യൂവിന് നാളെ മുതൽ അപേക്ഷ ആരംഭിക്കും
ശബരിമല ദർശനത്തിന് നാളെ മുതൽ അപേക്ഷിക്കാം. രാത്രി 11 മണിയോടെ വെർച്വൽ ക്യൂ സംവിധാനം പ്രവർത്തനമാരംഭിക്കുമെന്ന് ഡിജിപി ലോക് നാഥ് ബെഹ്‌റ പുറത്തിറക്കിയ ഉത്തരവിൽ അറിയിച്ചു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് ഭക്തർക്ക് ശബരിമല ദർശനത്തിന് അവസരമൊരുക്കുന്നത്.
ഉന്നതതല സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശബരിമല ദർശനം അനുവദിക്കുന്നത്. കൊവിഡ് സാഹചര്യത്തിൽ ദർശനം അനുവദിക്കരുതെന്ന് ആരോഗ്യ വിദഗ്ധർ നിർദേശം നൽകിയിരുന്നു. എന്നാൽ സർക്കാർ ഉന്നതതല സമിതിയുടെ ശുപാർശക്ക് അനുസരിച്ച് നീങ്ങുകയായിരുന്നു.
പമ്പാ സ്‌നാനം അനുവദിക്കില്ല. ഉദ്യോഗസ്ഥർക്കും തീർത്ഥാടകർക്കും ശബരിമലയിലേക്ക് പ്രവേശനം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മാത്രമായിരിക്കും. മേൽശാന്തി ഉൾപ്പെടെയുള്ള ജീവനക്കാർക്കും ഇത് ബാധകമായിരിക്കും. കെ രാധാകൃഷ്ണനെ ശബരിമല സ്‌പെഷ്യൽ ഓഫീസറായും നിയമിച്ചിട്ടുണ്ട്.