തുലാമാസ പൂജകൾക്കായി ശബരിമല നട 16ന് തുറക്കും; തീർഥാടകർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
തുലാമാസ പൂജകൾക്കായി ഈ മാസം 16 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിക്കും. പിന്നീട് ഉപദേവതാ ക്ഷേത്രങ്ങളിലെ നടകൾ തുറന്ന് ദീപം തെളിച്ച ശേഷം പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിലും അഗ്‌നി പകരും. തുടർന്ന് തന്ത്രി കണ്ഠരര് രാജീവരര് വിഭൂതി പ്രസാദം വിതരണം ചെയ്യും. 16 ന് പ്രത്യേക പൂജകൾ ഉണ്ടാവില്ല.
17 ന് ആണ് തുലാം മാസം ഒന്ന്. അന്ന് പുലർച്ചെ 5 മണിക്ക് ക്ഷേത്രനട തുറന്ന് നിർമ്മാല്യ ദർശനം. പതിവ് അഭിഷേകവും നെയ്യഭിഷേകവും നടക്കും. 8 മണിക്ക് ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും. 9 പേരാണ് ശബരിമല മേൽശാന്തി നിയമനത്തിലെ അന്തിമ യോഗ്യതാ പട്ടികയിൽ ഉള്ളത്. തുടർന്ന് മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പും നടക്കും. വരുന്ന നവംബർ 15ന് ആരംഭിക്കുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടനം മുതൽ ഒരു വർഷമാണ് പുതിയ മേൽശാന്തിമാരുടെ കാലാവധി.
കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് 17 മുതൽ 21 വരെ വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ദിവസേന 250 പേർ എന്ന കണക്കിൽ അയ്യപ്പഭക്തർക്ക് ശബരിമലയിൽ ദർശനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കോവിഡ് ഇല്ലെന്ന് 48 മണിക്കൂർ മുമ്പ് നടത്തിയ പരിശോധനാ സർട്ടിഫിക്കറ്റ് ദർശനത്തിനായി എത്തുന്ന ഓരോ അയ്യപ്പഭക്തർക്കും നിർബന്ധമാണ്. നിലയ്ക്കലിൽ കോവിഡ്- 19 പരിശോധനാ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. പമ്പാ സ്‌നാനം അനുവദിക്കില്ല.
ടോയിലറ്റ്, ബാത്ത് റൂം സൗകര്യങ്ങൾ പമ്പ നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്. സാനിറ്റൈസർ, സോപ്പ്, വെള്ളം എന്നിവ വിവിധ പോയിന്റുകളിൽ ക്രമീകരിച്ചിരിക്കുന്നു. സ്വാമി അയ്യപ്പൻ റോഡിലൂടെയാണ് അയ്യപ്പഭക്തൻമാരുടെ മലകയറ്റവും മല ഇറക്കവും. ഇരുമുടിയുമായി പതിനെട്ടാം പടി കയറി വരുന്ന ഭക്തർ കൊടിമരത്തിന് വലതു വശത്തുകൂടെ ദർശനത്തിനായി പോകണം.
ശ്രീകോവിലിന് മുന്നിലൂടെയുള്ള ആദ്യത്തെയും അവസാനത്തെയും റോ വഴി ആണ് ഭക്തർ ദർശനം നടത്തി നീങ്ങേണ്ടത്. തുടർന്ന് മാളികപ്പുറം ക്ഷേത്രത്തിലേക്കുള്ള വഴിയിലൂടെ അവിടെയും ദർശനം നടത്തി പ്രസാദവും വാങ്ങി ഭക്തർക്ക് മലയിറങ്ങാവുന്നതാണ്. ഭക്തർ അഭിഷേകത്തിനായി കൊണ്ടുവരുന്ന നെയ്യ് പ്രത്യേക കൗണ്ടറിൽ ശേഖരിച്ച ശേഷം മറ്റൊരു കൗണ്ടറിലൂടെ അവർക്ക് ആടിയ ശിഷ്ടം നെയ്യ് നൽകും. അപ്പം, അരവണ കൗണ്ടറുകൾ പ്രവർത്തിക്കും.