ജോസ് കെ മാണി എല്ലാ രാഷ്ട്രീയ മര്യാദകളും ലംഘിച്ചു; ചെന്നിത്തല
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ. മാണിക്കെതിരേ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജോസ് കെ. മാണി കാട്ടിയത് രാഷ്ട്രീയ വഞ്ചനയാണെന്ന് ചെന്നിത്തല പറഞ്ഞു.
കെ.എം. മാണിയുടെ ആത്മാവിനെ വഞ്ചിച്ചാണ് ജോസ് ഇടതു പക്ഷത്തേക്ക് പോയത്. എല്ലാ രാഷ്ട്രീയ മര്യാദകളും അദ്ദേഹം ലംഘിച്ചു. പാലായിലെ തോല്‍വിക്ക് കാരണം ജോസിന്റെ അപക്വമായ നിലപാടുകളായിരുന്നു. മാണിയെ നിയമസഭയില്‍ അപമാനിച്ചത് ഇടതുമുന്നണിയാണെന്ന് അദ്ദേഹം ഓര്‍ക്കണമായിരുന്നെന്നും ചെന്നിത്തല പറഞ്ഞു.
കെ.എം. മാണിയെ കള്ളനെന്ന് വിളിച്ചവരാണ് എല്‍ഡിഎഫുകാര്‍. ജോസ് കെ. മാണിയെ അവര്‍ സ്വീകരിക്കുമ്പോള്‍ എല്‍ഡിഎഫിന്റെ രാഷ്ട്രീയ പാപ്പരത്തം പുറത്തായിരിക്കുകയാണ്. എല്‍ഡിഎഫ് കാപട്യം തുറന്നുകാട്ടപ്പെട്ടു. കേരളത്തിലെ ജനങ്ങള്‍ ഇത് തിരിച്ചറിയുന്നുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.