ലോക്ക് ഡൗൺ നീട്ടുമോ: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കോവിഡ് അവലോകനയോഗം
തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതില്‍ ഇന്ന് തീരുമാനമുണ്ടാകും. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കോവിഡ് അവലോകനയോഗം ചേരും. ബുധനാഴ്ചയോടെ ലോക്ക്ഡൗണ്‍ അവസാനിക്കാനിരിക്കെ കൂടുതല്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ നീട്ടാന്‍ ആണ് സാധ്യത.
കൂടുതല്‍ കെഎസ്‌ആര്‍ടിസി ബസ് സര്‍വീസുകള്‍ക്കും ഓട്ടോ, ടാക്സി സര്‍വീസുകള്‍ക്കും അനുമതി നല്‍കിയേക്കും. കൂടാതെ കൂടുതല്‍ കടകള്‍ തുറക്കുന്നതിനും അനുമതി നല്‍കിയേക്കും.
അതേസമയം സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗത്തിന്‍റെ ആശങ്ക ഒഴിയുന്നുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നതിനൊപ്പം ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ട്. ടിപിആര്‍ 10 ശതമാനത്തിന് താഴെയെത്തിയാല്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിലപാട്.
കടുത്ത നിയന്ത്രണങ്ങളോടെ ലോക്ഡൗണ്‍ തുടരുന്നതിനാല്‍ നിത്യജീവിതത്തിലെ പ്രശ്‌നങ്ങളും വരുമാനമില്ലായ്മയും ജനങ്ങളില്‍ ഉത്കണ്ഠ വര്‍ധിപ്പിക്കുന്നെന്നാണ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണം.