ഒമാനിൽ പൊതുമേഖലാ ജീവനക്കാർക്ക് വാക്‌സിൻ വിതരണം തുടങ്ങി
മസ്‌കത്ത്: പൊതുമേഖലാ ജീവനക്കാർക്ക് ഇന്നു മുതൽ ഒമാനിൽ വാക്‌സിൻ വിതരണം ചെയ്ത് തുടങ്ങി. സർക്കാർ സ്ഥാപനങ്ങളിലെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടായിരിക്കും വാക്‌സിൻ ലഭ്യമാക്കുക. നേരത്തേ ആദ്യ ഡോസ് എടുത്തവർക്കുള്ള രണ്ടാം ഡോസും ഈ ഘട്ടത്തിൽ വിതരണം ചെയ്യും. ആദ്യ ഡോസ് എടുത്ത് 10 ആഴ്ച പിന്നിട്ടവർക്കാണ് രണ്ടാം ഡോസ് നൽകുക. റോയൽ ഒമാൻ പോലീസ്, സുൽത്താൻ ആംഡ് ഫോഴ്‌സസ്, മറ്റ് സുരക്ഷാ ഉദ്യോഗസ്ഥർ, സർക്കാർ ജീവനക്കാർ, സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും ഉൾപ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർക്കും മുസന്ദം ഗവർണറേറ്റിലെ പൗരൻമാർക്കും ഒന്നാം ഘട്ടത്തിൽ വാക്സിൻ നൽകാനാണ് പദ്ധതി.
ബൗഷറിലെ സുൽത്താൻ ഖാബൂസ് സ്‌പോർട്‌സ് കോംപ്ലക്‌സ്, വത്തയ്യായിലെ ഇമാം ജാബർ ബിൻ സൈദ് സ്‌കൂൾ, അമരാത്ത് വാലി ഓഫീസ്, ഖുറിയാത്ത് പോളി ക്ലിനിക്ക്, അലൻ ബേ ബോയ്‌സ് സ്‌കൂൾ എന്നിവിടങ്ങളിലാണ് മസ്‌കത്ത് ഗവർണറേറ്റിലെ വാക്‌സിൻ കേന്ദ്രങ്ങൾ. രാവിലെ എട്ട് മണി മുതൽ ഉച്ചക്ക് രണ്ട് വരെ ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കും. ജൂൺ 21 മുതൽ ജൂലൈ 15 വരെ നീണ്ടു നിൽക്കുന്ന രണ്ടാം ഘട്ടത്തിൽ 45 നു മുകളിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകും. ജൂലൈ 16 മുതൽ ആരംഭിക്കുന്ന മൂന്നാം ഘട്ട മാസ് ഡ്രൈവിൽ ഉന്നത വിദ്യാർഥികൾക്കും അധ്യാപകർക്കും വിദ്യാഭ്യാസ രംഗത്തെ മറ്റ് ജീവനക്കാർക്കും വാക്സിൻ നൽകും.
അതോടൊപ്പം, രാജ്യത്തെ വിവിധ സ്വകാര്യ സ്ഥാപനങ്ങൾ, വിദേശ എംബസികൾ തുടങ്ങിയ സ്ഥാപനങ്ങളും മാസ് ഡ്രൈവിന്റെ ഭാഗമായി തങ്ങളുടെ ജീവനക്കാർക്ക് വാക്‌സിൻ വിതരണം ആരംഭിച്ചിട്ടുണ്ട്. ജൂൺ അവസാനത്തോടെ രാജ്യത്തെ വാക്സിൻ സ്വീകരിക്കാൻ അർഹതയുള്ള ജനസംഖ്യയിൽ 30 ശതമാനത്തിലേറെ പേർക്ക് വാക്സിനേഷൻ ലഭ്യമാക്കാനാണ് മാസ് ഡ്രൈവിലൂടെ ലക്ഷ്യമിടുന്നത്.