Sunday, January 5, 2025
Kerala

മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണില്‍ ഇളവ്; ഈ കടകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാം

 

മലപ്പുറം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറത്ത് ഏര്‍പ്പെടുത്തിയിരുന്ന ട്രിപ്പിള്‍ ലോക്ക് ഡൗണില്‍ ഇളവ്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ വില്‍പന നടത്തുന്ന കടകള്‍, വളം, കിടനാശിനി, മറ്റ് ഉത്പാദനോപാധികള്‍, റെയിന്‍ ഗാര്‍ഡ് എന്നിവ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കടകള്‍ക്ക് ഉച്ചയ്ക്ക് 2 മണി വരെ പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

നേരത്തെ, മലപ്പുറം ജില്ലയിലെ ഹാര്‍ബറുകള്‍ പ്രവര്‍ത്തിക്കാനും അനുമതി നല്‍കിയിരുന്നു. ഒറ്റ, ഇരട്ടയക്ക രജിസ്‌ട്രേഷനുളള ബോട്ടുകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം മത്സ്യബന്ധനം നടത്താനാണ് അനുമതി നല്‍കിയിരുന്നത്. ഇതര ജില്ലകളില്‍ നിന്നുളള യാനങ്ങള്‍ക്ക് ജില്ലയിലെ ഹാര്‍ബറുകളില്‍ പ്രവേശനമുണ്ടാവില്ല, ചില്ലറ വില്‍പ്പന അനുവദിക്കില്ല തുടങ്ങിയ നിബന്ധനകളോടെയാണ് അനുമതി നല്‍കിയത്.

മലപ്പുറം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്ത് ഇറങ്ങുന്നവര്‍ക്കെതിരെ നിയമ നടപടിക്കൊപ്പം കോവിഡ് ടെസ്റ്റ് നടത്തും. കോവിഡ് പോസിറ്റീവായാല്‍ സര്‍ക്കാരിന്റെ സിഎഫ്എല്‍ടിസിയിലേക്ക് മാറ്റും. മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടും പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് ഉണ്ടാകുന്നില്ല. ഇന്ന് 4,751 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *