ജൻഡർ ന്യൂട്രൽ: ഒരിടത്തും യൂണിഫോം സർക്കാർ അടിച്ചേൽപ്പിക്കില്ലെന്ന് വി.ശിവൻകുട്ടി
ഒരിടത്തും ജൻഡർ ന്യൂട്രൽ യൂണിഫോം സർക്കാർ അടിച്ചേൽപ്പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ത്യല്യതാ യൂണിഫോം നടപ്പാക്കണം എന്നുള്ള സ്കൂളുകൾ പി ടി എയുമായി ആലോചിച്ചു സർക്കാരിനെ അറിയിച്ചാൽ പരിഗണിക്കും. സർക്കാരിന് പ്രത്യേക നിർബന്ധം ഇല്ല. നിലപാട് സർക്കാർ വ്യക്തമാക്കിയിട്ടും തെറ്റിദ്ധാരണ പരക്കുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
ഒരു നിലയിലും ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യത യൂണിഫോം വേണമെങ്കിൽ പിടിഎയും സ്‌കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ തദ്ദേശ സ്ഥാപനവും കൂടിയാലോചിച്ച് ആ തീരുമാനം വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കുകയാണ് വേണ്ടത്. വിദ്യാഭ്യാസ വകുപ്പ് അത് പരിശോധിച്ച ശേഷമാണ് തീരുമാനമെടുക്കുന്നതെന്നും വി.ശിവൻ കുട്ടി പറഞ്ഞു.
ലിംഗ സമത്വ യൂണിഫോം അടക്കമുളള വിഷയത്തിൽ പള്ളികൾ കേന്ദ്രീകരിച്ച് പ്രചാരണം ശക്തമാക്കാൻ സമസ്ത തീരുമാനിച്ചതിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രി തന്നെ സർക്കാർ നിലപാട് വ്യക്തമാക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
കുട്ടികളിൽ നിർബന്ധപൂർവം നിരീശ്വരവാദം വളർത്താൻ സർക്കാർ ശ്രമിക്കുകയാണെന്ന രീതിയാലാകും പ്രചാരണം. ഇതിനായി ഖതീബുമാർക്ക് പ്രത്യേക പഠന ക്ലാസ് നൽകാനും സമസ്ത തീരുമാനിച്ചിട്ടുണ്ട്. വിദ്യാലയങ്ങളിലെ ലിംഗ സമത്വ വിഷയത്തിൽ സമുദായത്തെ ബോധവൽക്കരിക്കാൻ മുസ്ലീം ലീഗ് കോഴിക്കോട് വിളിച്ചു ചേർത്ത മുസ്ലീം സംഘടനകളുടെ യോഗം തീരുമാനിച്ചിരുന്നു. ഈ വിഷയത്തിൽ സർക്കാരിനെ ആശങ്ക അറിയിക്കാനും തീരുമാനമെടുത്തിരുന്നു. ഇക്കാര്യത്തിൽ സർക്കാരിൻറെ പ്രതികരണം വരും മുൻപ് പള്ളികളിലൂടെ വിശ്വാസികളെ ബോധവത്കരിക്കാനുള്ള നടപടികളിലേക്ക് സമസ്ത കടക്കുകയാണ്. വെള്ളിയാഴ്ച ജുമു ആ നിസ്കാരത്തിനു ശേഷം നടക്കുന്ന പ്രഭാഷണത്തിൽ ലിംഗ സമത്വ യൂണിഫോം വിഷയം സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കും.
പ്രഭാഷകർക്ക് വേണ്ടി ഈ മാസം 24ന് പഠനക്ലാസും സംഘടിപ്പിക്കുന്നുണ്ട്. സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. പുതുതലമുറയെ സ്വതന്ത്ര ചിന്തയിലേക്ക് കൊണ്ടു പോകാൻ ബോധപൂർവ ശ്രമം നടത്തുന്നുണ്ടെന്നാണ് സമസ്തയുടെ ആക്ഷേപം. ക്യാമ്പസുകളിൽ എസ്എഫ്ഐ ഇതിനുള്ള ശ്രമം നേരത്തെ നടത്തിയിട്ടുണ്ടെന്നും സമസ്ത ആരോപിക്കുന്നു.