Monday, January 6, 2025
Kerala

പാഠ്യപദ്ധതി തൊഴിലധിഷ്ടിതമായി പരിഷ്‌കരിക്കും; സ്കൂള്‍ തുറക്കുമ്പോള്‍ യൂണിഫോം നിര്‍ബന്ധമാക്കില്ല: മന്ത്രി വി.ശിവൻകുട്ടി

ആലപ്പുഴ: സ്കൂള്‍ തുറക്കുമ്പോള്‍ യൂണിഫോം നിര്‍ബന്ധമാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിനായുള്ള വിദഗ്ദരടങ്ങിയ കരിക്കുലം കമ്മിറ്റി ഉടന് രൂപീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്കൂൾ തുറന്നാലും ഓൺലൈൻ ക്ലാസുകൾ തുടരും. ഉച്ച വരെ നേരിട്ടുള്ള ക്ലാസ്, അതുകഴിഞ്ഞ് പഠനം ഓൺലൈൻ. കൂട്ടികൾക്ക് ഇത് ഏറെ ഗുണം ചെയ്യും. സമ്പൂർണ ഡിജിറ്റൽ വിദ്യാഭ്യാസം നടപ്പാക്കിയ ഏക സംസ്ഥാനം കേരളമാണ്.

2013ലാണ് ഇതിനു മുൻപ് പാഠ്യപദ്ധതി പരിഷ്കരിച്ചത്. രണ്ടു വർഷത്തിനുള്ളിൽ പുതിയ സിലബസ് നടപ്പാക്കാനാകും എന്നാണ് പ്രതീക്ഷ. ആധുനിക കാലത്തിന്റെ വെല്ലുവിളികൾ നേരിടാൻ വിദ്യാർത്ഥികളെ സജജമാക്കുന്നതിന് തൊഴിൽ അധിഷ്ടിത പാഠ്യപദ്ധതിയാണ് തയ്യാറാക്കുകയെന്ന് മന്ത്രി പറഞ്ഞു. ജീവിക്കുന്ന സമൂഹത്തിന്റെ ചരിത്രവും, സാഹചര്യങ്ങളും വിദ്യാർത്ഥികൾക്ക് മനസ്സിലാക്കാൻ കഴിയുന്ന പാഠഭാഗങ്ങൾ ഉൾപ്പെടുത്തും. നമ്മുടെ ഭരണഘടന, മതേതരത്വം, സ്ത്രീ സമത്വം, സ്ത്രീധനം, പ്രകൃതി, ശുചിത്വം തുടങ്ങിയ വിഷയങ്ങള് ഉൾപ്പെടുത്തും. സ്പോർട്സിന് പ്രത്യേക പരിഗണന നൽകും.

കോവിഡ് പ്രതിസന്ധിക്കിടയിലും ബോർഡ് പരീക്ഷകളും സുഗമമായി നടത്തി ഫലം പ്രസിദ്ധീകരിച്ചു. എന്നാൽ പരീക്ഷകൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ നടത്തുന്ന പ്രചാരണം വിദ്യാർത്ഥികൾക്ക് ഏറെ ദോഷം ചെയ്യും. പരീക്ഷ നടത്തുന്നവർ കുഴപ്പക്കാർ എന്ന മട്ടിലാണ് പ്രചാരണം. കുട്ടികളോട് അൽപ്പമെങ്കിലും സ്നേഹമുണ്ടെങ്കിൽ ഈ അപവാദ പ്രചാരണത്തിൽ നിന്ന് പിന്മാറണമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *