റിസര്‍ച്ച് സ്കോര്‍ ഏറ്റവും കുറവ് പ്രിയ വര്‍ഗീസിന്, അഭിമുഖത്തിൽ കൂടുതൽ മാർക്ക് നൽകി; നിർണായക രേഖ പുറത്ത്
തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിനെ നിയമിക്കാനുള്ള നീക്കവുമായി ബന്ധപ്പെട്ട നിർണ്ണായക രേഖ പുറത്ത്. നിയമന റാങ്ക് ലിസ്റ്റിൽ പ്രിയ വർഗീസ് ഒന്നാമതെത്തിയത് ക്രമവിരുദ്ധമായിട്ടാണെന്ന് തെളിയിക്കുന്ന രേഖയാണ് പുറത്ത് വന്നിരിക്കുന്നത്. ഉദ്യോഗാർത്ഥികളിൽ ഏറ്റവും കുറഞ്ഞ റിസർച്ച് സ്കോർ പ്രിയ വർഗീസിനാണ്. എന്നിട്ടും അഭിമുഖത്തിൽ ലഭിച്ച ഉയർന്ന മാർക്കാണ് പ്രിയക്ക് ഒന്നാം റാങ്ക് കിട്ടാൻ കാരണമെന്ന് രേഖയിൽ നിന്ന് വ്യക്തമാകുന്നു. പ്രിയയുടെ റിസർച്ച് സ്കോർ 156 ആണഅ. രണ്ടാം റാങ്ക് കിട്ടിയ ജോസഫ് സ്കറിയയുടെ റിസർച്ച് സ്കോർ 651 ആണ്. പ്രിയയുടെ 8 വർഷത്തെ അധ്യാപന പരിചയത്തിന് രണ്ട് വർഷം സ്റ്റുഡന്‍റ്സ് ഡയറക്ടറായ കാലയളവും പരിഗണിച്ചു എന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
തൃശൂർ കേരളവർമ്മ കോളേജിലെ അസിസ്റ്റന്‍റ് പ്രൊഫസറായ പ്രിയ വർഗ്ഗീസിനെ കണ്ണൂരിൽ അസോസിയേറ്റ് പ്രൊഫസറാക്കി നിയമിക്കാനുള്ള നീക്കം വൻ വിവാദമായിരുന്നു. വിവാദത്തെ തുടർന്ന് നിയമനം നൽകാതെ റാങ്ക് പട്ടിക മാറ്റിവെച്ചിരിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ മാസം ചേർന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗം പ്രിയ വർഗീസിന് ഒന്നാം റാങ്ക് ലഭിച്ച പട്ടിക അംഗീകരിച്ചു. പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയതിനുള്ള പരിതോഷികമായാണ് ഡോ ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ സർവകലാശാലയിൽ വിസി ആയി പുനർനിയമനം ലഭിച്ചതെന്ന് ആക്ഷേപമുണ്ടായിരുന്നു.