ജെൻഡർ ന്യൂട്രൽ യൂണിഫോം: അനാവശ്യ വിവാദങ്ങളുണ്ടാക്കേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി
ജെൻഡർ ന്യൂട്രൽ യൂണിഫോം സ്‌കൂളുകളിൽ നടപ്പാക്കുന്നതിനെക്കുറിച്ച് അനാവശ്യ വിവാദങ്ങളുണ്ടാക്കേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. എല്ലാ സ്‌കൂളുകളിലും ഈ സംവിധാനം നടപ്പാക്കണമോയെന്ന് അതാത് സ്‌കൂളുകളിലെ പാരന്റ്‌സ് ടീച്ചേഴ്‌സ് അസോസിയേഷനും തദ്ദേശ സ്ഥാപനങ്ങളും തീരുമാനിച്ചു നടത്തും. കോഴിക്കോട് ബാലുശ്ശേരിയിലെ സ്‌കൂളിൽ ജെൻഡ്രൽ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കിയതിനെതിരെ വിവിധ ഭാഗങ്ങളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം.
ജെൻഡ്രൽ ന്യൂട്രൽ യൂണിഫോം കൊണ്ടുവരുന്നത് എല്ലാവരുടെയും അംഗീകാരത്തോടുകൂടി ചെയ്യേണ്ട കാര്യമാണ്. സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസ മേഖലയിലും മാറ്റങ്ങൾ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. ലിംഗ വ്യത്യാസമില്ലാത്ത വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് സർക്കാർ നിലപാടെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൂടെ ചേർന്നായിരിക്കും ഈ വിഷയത്തിൽ തീരുമാനമെടുക്കുക എന്നും മന്ത്രി പറഞ്ഞു.