ഉമ്മുകുല്‍സുവിന്റെ കൊലപാതകം; ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ രണ്ടു പേര്‍ അറസ്റ്റില്‍
മലപ്പുറം: കൊണ്ടോട്ടി സ്വദേശിനി ഉമ്മുകുല്‍സുവിന്റെ കൊലപാതകത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ രണ്ടു പേര്‍ അറസ്റ്റില്‍. ഇരിങ്ങല്ലൂര്‍ സ്വദേശികളായ ആദിത്യന്‍ ബിജു, ജോയല്‍ എന്നിവരാണ് അറസ്റ്റിലായത്. ഭര്‍ത്താവ് താജുദീന്‍ ഇപ്പോഴും ഒളിവിലാണ്.
സുഹൃത്തിന്റെ വീട്ടില്‍ ഭര്‍ത്താവിനൊപ്പം എത്തിയ യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഉണ്ണികുളം പഞ്ചായത്തിലെ വീര്യമ്പ്രത്ത് വാടകവീട്ടില്‍ എത്തിയ മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി ഉമ്മുക്കുല്‍സു (31) ആണ് മരിച്ചത്. ശാരീരിക മര്‍ദനം കാരണമുള്ള ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് മരണമെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയത്. ഉമ്മുക്കുല്‍സുവിന്റെ പേശികളേറെയും മര്‍ദനത്തെ തുടര്‍ന്ന് തകര്‍ന്നനിലയിലാണെന്നും വായില്‍ ഏതോ രാസവസ്തു ഒഴിച്ചതായും കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് അസ്വാഭാവിക മരണം കൊലപാതകക്കേസായി ബാലുശേരി പോലീസ് രജിസ്റ്റര്‍ ചെയ്തത്.
സംഭവത്തിനുശേഷം ഒളിവില്‍പ്പോയ ഭര്‍ത്താവ് മലപ്പുറം എടരിക്കോട് കൊയപ്പകോവിലകത്ത് താജുദ്ദീനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇയാള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയെന്നും ബാലുശ്ശേരി പോലീസ് അറിയിച്ചു. താജുദ്ദീനുമായി പിണങ്ങിയ ഉമ്മുക്കുല്‍സു സ്വവസതിയിലായിരുന്നു താമസം. ഒരു മാസം മുമ്പാണ് താജുദ്ദീന്‍ ഇവരെ തിരികേ കൂട്ടിക്കൊണ്ടുപോയത്.