Friday, April 11, 2025
Kerala

വിവാഹമോചനം ആവശ്യപ്പെട്ടതിന് ഭാര്യയെ കൊന്നു; ഭര്‍ത്താവിന് ജീവപര്യന്തം കഠിനതടവ്

മലപ്പുറം: വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം കഠിനതടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പരപ്പനങ്ങാടി പ്രയാഗ് തിയേറ്ററിനു സമീപം താമസിച്ചിരുന്ന കോടക്കളത്തില്‍ ഷൈനിയെ (32) കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് ഫറോക്ക് പെരുമുഖം പുത്തൂര്‍ ഷാജി (42) യെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. ഷൈനിയുടെ അമ്മയെ മര്‍ദിച്ചെന്ന കേസില്‍ നാലു വര്‍ഷം തടവും 25,000 രൂപയും പ്രതിക്ക് ശിക്ഷ വിധിച്ചിട്ടുണ്ട്.

പ്രതിക്കെതിരേ കൊലപാതകം, അതിക്രമിച്ചുകയറല്‍, സ്ത്രീകള്‍ക്കെതിരായ ആക്രമണം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കേസിലെ ശിക്ഷാവിധി വെള്ളിയാഴ്ചത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. മഞ്ചേരി അഡീഷണല്‍ ജില്ലാ കോടതി (ഒന്ന്) ജഡ്ജി പി പി സുരേഷ് ബാബുവാണ് വിധി പ്രസ്താവിച്ചത്.

2013 ഫെബ്രുവരി 20-നാണ് കേസിനാസ്പദമായ സംഭവം. ഷാജി മദ്യപിച്ചെത്തി മര്‍ദിക്കുന്നത് പതിവായതിനാല്‍ ഷൈനി പരപ്പനങ്ങാടിയില്‍ അമ്മയോടൊപ്പം താമസിക്കുകയായിരുന്നു. സംഭവ ദിവസം വീട്ടില്‍ അതിക്രമിച്ചു കയറിയ ഷാജി ഷൈനിയെ കത്തി കൊണ്ട് മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് മേശയുടെ കാലു കൊണ്ട് മര്‍ദിച്ച് മരണം ഉറപ്പാക്കി. അക്രമം തടയാനെത്തിയ അമ്മ കമലയെയും സഹോദരിമാരായ വിമല, തങ്കമണി എന്നിവരെയും ആക്രമിച്ചു.

വിവാഹമോചനം ആവശ്യപ്പെട്ട് ഷൈനി കോടതിയെ സമീപിച്ചതാണു ഷാജിയെ പ്രകോപിപ്പിച്ചത്. ഇവരുടെ മകൾ അനാഥയായതിനെ തുടർന്ന് സർക്കാർ സംരക്ഷണത്തിലാണ് ഇപ്പോഴുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *