Saturday, October 19, 2024
Kerala

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ ജനകീയ സമിതി ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകും

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ ജനകീയ സമിതി ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകും. നെന്മാറ എംഎൽഎ കെ ബാബുവിന്റെ നേതൃത്വത്തിലാണ് ജനകീയ സമിതി ഹൈക്കോടതിയിൽ ഹർജി നൽകുന്നത്. വിഷയത്തിൽ കോടതി ചോദിച്ചാൽ മറുപടി നൽകുമെന്നും എന്നെന്നേക്കുമായി വിഷയം പരിഹരിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു.

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധ പ്രക്ഷോഭ പരിപാടികൾ തുടരുന്നതിനിടെയാണ് ജനകീയ സമിതി നിയമ പോരാട്ടത്തിലേക്കും കടക്കുന്നത്. കഴിഞ്ഞദിവസം നിയമവിദഗ്ധരുടെ ഉൾപ്പെടെ യോഗം ചേർന്ന ജനകീയ സമിതി ഇന്ന് വിഷയത്തിൽ ഹൈക്കോടതിയിൽ ഹർജി നൽകും. ജനകീയ സമിതി ചെയർമാനായ നെന്മാറ എംഎൽഎ കെ ബാബുവാണ് കോടതിയിൽ റിവ്യൂ ഹർജി നൽകുക. കൂടാതെ വിഷയത്തിൽ ഇന്ന് മുതലമടയിൽ ജനകീയ പ്രതിഷേധ സമിതി സമരം നടത്തും. കൂടാതെ മുതലമട പഞ്ചായത്ത് സർവകക്ഷി പ്രതിനിധികൾ പറമ്പിക്കുളം ഡിഎഫ് ഓഫീസ് ധർണയും ഇന്ന് നടത്തും. അതേസമയം, വിഷയത്തിൽ കോടതി ചോദിച്ചാൽ അഭിപ്രായം വ്യക്തതമാക്കുമെന്നും കോടതി നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് സർക്കാർ മുന്നോട്ട് പോവുമെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു.

നാളെ മുതലമട പഞ്ചായത്തിൽ സർവ്വകക്ഷി പ്രതിനിധികൾ ഹർത്താലിന് ഉൾപ്പെടെ ആഹ്വാനം ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ജനകീയ സമിതിയുടെ ഹർജിയിൽ കോടതി എന്തുപറയും എന്നത് നിർണായകമാണ്.

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് ബിഡിജെഎസ് നേതാക്കൾ പാലക്കാട്‌ കളക്ടറെ കണ്ട് നിവേദനം സമർപ്പിച്ചിരുന്നു. ആക്രമണ സ്വഭാവമുള്ള ആന പറമ്പിക്കുളം വനമേഖലയിൽ വന്നാൽ പ്രദേശത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹമാവും. മേഖലയിൽ പൂപ്പാറ, എർത്ത്ഡാം, അഞ്ചാംകോളനി, കടവ്, പിഎപി, കുരിയർകുറ്റി, സുങ്കം, കച്ചിത്തോട്, തേക്കടി അല്ലിമൂപ്പൻ, മുപ്പതേക്കർ, ഒറവൻപാടി, പെരിയചോല, വരടികുളം, തുടങ്ങി 13 കോളനികൾ ഈ പ്രദേശത്ത് ഉണ്ട്. ഈ ഊരുകളിലായി 650 ഓളം കുടുംബങ്ങളും 3000ഓളം ജനങ്ങളും, വിവിധ ഡിപ്പാർട്മെന്റുകളിലായി നിരവധി സർക്കാർ ജീവനക്കാരും ജോലി ചെയ്യുന്നുണ്ട്. കൂടാതെ ദിവസവും നൂറുകണക്കിന് വിനോദസഞ്ചാരികളാണ് പറമ്പിക്കുളത്ത് എത്താറുള്ളത് അതുകൊണ്ടുതന്നെ ആനയെ പ്രദേശത്ത് എത്തിച്ചാൽ വലിയ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും ബിഡിജെ എസ് നേതാക്കൾ കളക്ടറെ അറിയിച്ചു.

Leave a Reply

Your email address will not be published.