അരുണാചലും ജമ്മു കശ്മീരും അവിഭാജ്യ ഘടകങ്ങളാണെന്ന് ഇന്ത്യ; പാകിസ്ഥാന്റെയും ചൈനയുടെയും എതിർപ്പ് തള്ളി
ജി 20 വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ പാകിസ്ഥാന്റെയും ചൈനയുടെയും എതിർപ്പ് തള്ളി ഇന്ത്യ. അരുണാചലും ജമ്മു കശ്മീരും അവിഭാജ്യ ഘടകങ്ങളാണെന്നും യോഗങ്ങൾ പ്രഖ്യാപിച്ചത് പോലെ അവിടെ നടക്കുമെന്നും ഇന്ത്യ പറഞ്ഞു. ടൂറിസത്തെക്കുറിച്ചുള്ള ജി – 20 വർക്കിംഗ് ഗ്രൂപ്പ് യോഗം മെയ് 22, 24 തീയതികളിൽ ശ്രീനഗറിലാണ് നടക്കുക. ആർട്ടിക്കിൾ 370 റദ്ദാക്കിയശേഷം ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്ന സന്ദേശം നൽകാൻ ആണ് പരിപാടിയിലൂടെ ഇന്ത്യയുടെ ലക്ഷ്യം.
അരുണാചൽ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് മാറ്റിയെന്ന് ചൈന അറിയിച്ചിരുന്നു. ചൈനയുടെ സിവിൽ അഫയേഴ്‌സ് മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അഞ്ച് മലകളുടെയും രണ്ട് നദികളുടെയും രണ്ട് ജനവാസ മേഖലയുടെയും പേര് മാറ്റിയെന്നാണ് വാദം. ഇന്ത്യയുടെ ഭാഗമായ അരുണാചൽപ്രദേശ് സൗത്ത് ടിബറ്റ് ആണെന്ന വാദം ഉന്നയിച്ചാണ് നടപടി.
2017 ഏപ്രിലിലും 2021 ഡിസംബറിലുമായി ഇത് മൂന്നാം തവണയാണ് ചൈന അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേര് പുനർനാമകരണം ചെയ്‌തെന്ന് അവകാശപ്പെടുന്നത്. സംഭവത്തെക്കുറിച്ച് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. സമീപ വർഷങ്ങളിൽ ചൈന സ്വീകരിച്ച സമാന നടപടികളുടെ തുടർച്ചയാണ് ഇതും. പേര് മാറ്റിയുള്ള ചൈനയുടെ നടപടി ഇതിനുമുൻപും ചൈന നിരസിക്കുകയായിരുന്നു. അരുണാചൽപ്രദേശ് എന്നും ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും ഇന്ത്യ ആവർത്തിക്കുന്നു.
ചൈനയുടെ പ്രഖ്യാപനത്തോടെ ചൈനീസ് മാപ്പുകളിൽ ‘സൗത്ത് ടിബറ്റ’നിലെ സ്ഥലങ്ങളുടെ പേരുകൾ പുതിയതായിരിക്കും. സ്ഥലങ്ങളുടെ പേരുകൾക്കൊപ്പം ഭരണകേന്ദ്രങ്ങളുടെ വിഭാഗവും ചൈന പട്ടികപ്പെടുത്തിയിട്ടുണ്ടെന്ന് ചൈനീസ് സർക്കാരിന്റെ ടാബ്ലോയിഡ് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.