Thursday, January 9, 2025
Kerala

ഇടുക്കിയിലെ ജനകീയ ഹർത്താൽ; മൂന്ന് പഞ്ചായത്തുകളെ ഒഴിവാക്കി

ഇടുക്കിയിലെ ജനകീയ ഹർത്താലിൽ നിന്ന് മൂന്ന് പഞ്ചായത്തുകളെ ഒഴിവാക്കി. രാജാക്കാട്, സേനാപതി, ബൈസൺവാലി പഞ്ചായത്തുകളെയാണ് ഒഴിവാക്കിയത്. വിദ്യാർത്ഥികളുടെ പരീക്ഷ ഉൾപ്പെടെ പരിഗണിച്ചാണ് തീരുമാനം. അരിക്കൊമ്പനെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചാണ് ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ ജനകീയ സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ഹര്‍ത്താല്‍. ചിന്നക്കനാല്‍ പവര്‍ ഹൗസിലും പൂപ്പാറയിലും കൊച്ചി ധനുഷ് കോടി ദേശീയപാത ഉപരോധിക്കുന്നതടക്കമുളള പ്രതിഷേധ പരിപാടികൾ നടക്കും. മദപ്പാടുള്ളതിനാൽ അരിക്കൊമ്പനെ നിരീക്ഷിക്കാനും ശല്യം തുടര്‍ന്നാല്‍ റേഡിയോ കോളര്‍ ഘടിപ്പിക്കാനുമാണ് കോടതി നിർദേശം. ദൗത്യ സംഘവും കുങ്കിയാനകളും ചിന്നക്കനാലിൽ തുടരും.

അതേസമയം അരിക്കൊമ്പന്റെ കാര്യത്തിൽ ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ സമിതിയുടെ നടപടികൾ ഇന്ന് തുടങ്ങും. രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരും അമിക്കസ് ക്യൂറിയും ആനയെ സംബന്ധിച്ച വിഷയങ്ങളിൽ വൈദഗ്ധ്യമുള്ള രണ്ട് പേരെയുമാണ് ഈ സമിതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അടുത്ത മാസം അഞ്ചിന് കോടതി കേസ് പരിഗണിക്കുമ്പോൾ വിദഗ്ധ സമിതി റിപ്പോർട്ട് നൽകണം എന്നാണ് നിർദേശം.

അടുത്ത രണ്ട് ദിവസത്തിനുള്ളിൽ അരിക്കൊമ്പനുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ശേഖരിക്കാനാണ് അമിക്കസ് ക്യൂറിയോട് കോടതി നിർദേശിച്ചിരിക്കുന്നത്. ഇത് വിശദമായി പരിശോധിച്ച ശേഷമാകും വിദഗ്ധ സംഘം തുടർ നടപടി സ്വീകരിക്കുക. അരിക്കൊമ്പനെ മയക്കുവെടി വെക്കാതെ പ്രശ്ന പരിഹാരത്തിനുള്ള സാധ്യതകൾ എന്തെല്ലാമെന്ന് പരിശോധിക്കാനാണ് കോടതി വിദഗ്ധ സമിതിയോട് നിർദേശിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *