Thursday, January 23, 2025
Kerala

ആരോപണത്തിലും പ്രതികരണം പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കമുള്ളവർ ഗവർണർ – സി പി എം ഒത്തുകളി ആരോപണം

ചെന്നൈ: ഗവർണർമാരുടെ ഇടപെടലിനെതിരെ കടുത്ത ഭാഷയിൽ വിമർശിച്ച് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി വീണ്ടും രംഗത്ത്. ചെന്നൈയിൽ രാവിലെ വിഷയത്തിൽ രൂക്ഷമായി പ്രതികരിച്ച കുഞ്ഞാലിക്കുട്ടി ഉച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോളും വിമർശനം കടുപ്പിക്കുകയായിരുന്നു. ഗവർണർമാരുടെ ഇടപെടൽ ജനാധിപത്യത്തിന് എതിരാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി. കേരളത്തിൽ ഗവർണർ – സി പി എം ഒത്തുകളി എന്ന അഭിപ്രായം ലീഗിനില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കമുള്ളവർ ഗവർണർ – സി പി എം ഒത്തുകളി ആരോപണം ഉന്നയിക്കുമ്പോളാണ് ലീഗ് നിലപാട് കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചത്.

ഗവർണറുടെ ജനാധിപത്യ വിരുദ്ധത എന്ന വിഷയത്തിൽ എതിർപക്ഷത്തുള്ളത് ബി ജെ പി മാത്രമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. എല്ലാ ബി ജെ പി ഇതര സംസ്ഥാനങ്ങളിലും അരങ്ങേറുന്നത് ഗവർണർമാരുടെ ഫെഡറൽ വിരുദ്ധതയാണ്. ഇത്തരത്തിലുള്ള കേന്ദ്രത്തിന്റെ ഇടപെടൽ ദേശീയ വിഷയമാണെന്നും മതേതര പാർട്ടികൾക്ക് എല്ലാം ഇക്കാര്യത്തിൽ ഒരേ അഭിപ്രായമാണെന്നും കുഞ്ഞാലിക്കുട്ടി വിവരിച്ചു. കോൺഗ്രസിന്‍റെ കാര്യങ്ങളിൽ അഭിപ്രായം പറയേണ്ട കാര്യം ലീഗിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശശി തരൂർ വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും കോൺഗ്രസ് നേതാക്കൾ ലീഗ് നേതാക്കളുടെ അടുത്ത് വരുന്നത് പതിവുള്ളതാണെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. ചെന്നൈയിൽ നടക്കുന്ന മുസ്ലീം ലീഗിന്‍റെ 75 ആം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ക്ഷണിക്കാൻ ‍ഡി എം കെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ എത്തിയതായിരുന്നു കുഞ്ഞാലിക്കുട്ടി.

അതേസമയം പ്രതിപക്ഷകക്ഷികൾ നേതൃത്വം നൽകുന്ന സർക്കാരുകൾക്കെതിരെ ഗവർണമാർ ജനാധിപത്യവിരുദ്ധമായ നിലപാട് എടുക്കുന്നുവെന്നാണ് കുഞ്ഞാലിക്കുട്ടി രാവിലെ മാധ്യമങ്ങളെ കണ്ടപ്പോൾ പറഞ്ഞത്. കേരളത്തിലും തമിഴ്നാട്ടിലും സമാനസാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിൽ ഗവർണർക്കെതിരായ പ്രതിപക്ഷ സമരത്തിന് ലീഗും ഉണ്ടാകുമെന്നും അദ്ദേഹം വിവരിച്ചിരുന്നു.

അതേസമയം തമിഴ്നാട്ടിൽ ഗവർണർ – സർക്കാർ പോര് ശക്തമായിരിക്കുകയാണ്. ചെന്നൈ നഗരത്തിൽ ‘ഗെറ്റ് ഔട്ട് രവി’ എന്നെഴുതിയ പോസ്റ്ററുകൾ ഡി എം കെ പ്രവർത്തകർ പതിച്ചു. ഇന്നലെ തമിഴ്നാട് നിയമസഭയിൽ നിന്ന് ഗവർണർ ആർ എൻ രവി ഇറങ്ങിപ്പോയിരുന്നു. നയപ്രഖ്യാപന പ്രസംഗത്തിനിടെയാണ് ഗവർണർ ഇറങ്ങിപോകുന്നതടക്കമുള്ള അസാധാരണ സംഭവങ്ങൾ നടന്നത്. ഇതിന് പിന്നാലെയാണ് തമിഴ്നാട്ടിൽ ഗവർണർ – സർക്കാർ പോര് ശക്തമായത്.

Leave a Reply

Your email address will not be published. Required fields are marked *