സ്വാഗതാർഹം, പക്ഷേ പ്രസംഗത്തെ തള്ളാത്തത് ദൗർഭാഗ്യകരം: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം : സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവെച്ചതിനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മല്ലപ്പള്ളി പ്രസംഗത്തെ സജി ചെറിയാൻ തള്ളിപ്പറയാത്തതിനെ വിമർശിച്ച അദ്ദേഹം, പ്രതിപക്ഷ ആവശ്യം അംഗീകരിച്ച് മന്ത്രിസ്ഥാനം രാജി വച്ചതിന്റെ സ്വാഗതം ചെയ്യുന്നുവെന്നും വ്യക്തമാക്കി.
മല്ലപ്പള്ളി പ്രസംഗത്തെ അദ്ദേഹം തള്ളിപ്പറയാത്തത് ദൌർഭാഗ്യകരവും അത്ഭുതപ്പെടുത്തുന്നതുമാണെന്നും സതീശൻ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ വാക്കുകൾ കേരളം കേട്ടതാണ്. ഇപ്പോഴും പക്ഷേ അദ്ദേഹം പറയുന്നത് മാധ്യമങ്ങൾ വാക്കുകളെ വളച്ചൊടിച്ചുവെന്നാണ്. രാജി പ്രഖ്യാപനം സ്വതന്ത്ര തീരുമാനമാണെന്നാണ് അദ്ദേഹം പറയുന്നത്. അതിനർത്ഥം അദ്ദേഹത്തിന്റെ പ്രസംഗത്തെ സിപിഎം അംഗീകരിക്കുന്നുവെന്നാണ്. ഈ വിഷയത്തിൽ സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടേയും പിബിയുടേയും അഭിപ്രായം എന്താണെന്ന് വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
ആർഎസ്എസ് പ്രത്യശാസ്ത്രമാണ് സജി ചെറിയാൻ പറഞ്ഞത്. അത് തെറ്റാണെന്നും സിപിഎമ്മും സജി ചെറിയാനും പറയാത്തത് അത്ഭുതപ്പെടുത്തുന്നതാണ്. ഭരണഘടനയെ തള്ളി പറഞ്ഞയാൾ എംഎൽഎ സ്ഥാനവും രാജിവയ്ക്കുന്നതാണ് ഉചിതമെന്നാണ് പ്രതിപക്ഷത്തിന് ആവശ്യപ്പെടാനുളളത്. അദ്ദേഹം ചെയ്തത് ക്രിമിനൽ കുറ്റമാണ്. പൊലീസ് നടപടി എടുക്കണം.നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്. ഇതെല്ലാം മുഖ്യമന്ത്രി വ്യക്തമാക്കേണ്ടതാണ്. പക്ഷേ മുഖ്യമന്ത്രി ഒരു പത്രക്കുറിപ്പ് പോലുമെടുക്കാതെ മൗനം പാലിക്കുന്നു. സർക്കാർ കേസ് എടുത്തില്ലെങ്കിൽ പ്രതിപക്ഷം നിയമവഴി തേടുമെന്നും സതീശൻ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നിലപാട് അറിയണം. സജി ചെറിയാന്റെ മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന നിലപാട് തന്നെയാണോ മുക്യമന്ത്രിക്കെന്ന് വ്യക്തമാക്കണം. സർക്കാർ തൊടുന്നത് എല്ലാം തിരിച്ചടിക്കുന്നു. നാവുപിഴ എന്ന് പറയുന്നത് സാമാന്യ ബോധത്തിനോടുള്ള വെല്ലുവിളിയാണ്.