Saturday, October 19, 2024
Kerala

അഡ്മിനിസ്‌ട്രേറ്ററുടെ നിയമത്തെ അറബിക്കടലിൽ എറിയണമെന്ന് പ്രതിപക്ഷ നേതാവ്; സഭയിൽ ദ്വീപിന് വേണ്ടി പ്രമേയം

 

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരികെ വിളിക്കണമെന്നും വികലമായ ഭരണപരിഷ്‌കാരങ്ങൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷം പ്രമേയത്തെ പിന്തുണച്ചു.

ലക്ഷദ്വീപിൽ അഡ്മിനിസ്‌ട്രേറ്റർ കൊണ്ടുവന്ന ജനസംഖ്യ നിയന്ത്രണ നിയമത്തെ അറബി കടലിൽ എറിയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. കുറ്റകൃത്യങ്ങൾ ഏറ്റവും കുറവുമുള്ള ദ്വീപിൽ ഗുണ്ടാ ആക്ട് കൊണ്ടുവന്നത് പാവങ്ങളെ പീഡിപ്പിക്കാനാണ്. പ്രമേയത്തോട് പൂർണമായും യോജിക്കുന്നു. ദ്വീപ് നിവാസികളുടെ ജീവിക്കാനുള്ള അവകാശം പുതിയ പരിഷ്‌കാരങ്ങളോടെ ഇല്ലാതാക്കുന്നുവെന്നും സതീശൻ പറഞ്ഞു

ലക്ഷദ്വീപിൽ നടക്കുന്നത് സംഘ്പരിവാർ അജണ്ടയാണ്. പ്രതിഷേധ കടൽ തീർത്ത് കേരളം പ്രതിരോധം തീർക്കണം. സംഘ്പരിവാർ അജണ്ടയെ ശക്തമായി എതിർക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

ദ്വീപ് ജനതയെ ജനിച്ച മണ്ണിൽ നിന്ന് ഒഴിവാക്കാനാണ് ശ്രമം നടക്കുന്നതെന്ന് സിപിഐ നേതാവും മുൻ മന്ത്രിയുമായ ഇ ചന്ദ്രശേഖരൻ പറഞ്ഞു. നീക്കത്തിൽ നിന്ന് കേന്ദ്രം പിൻമാറണമെന്നും ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു. ഇന്നലെ കാശ്മീർ, ഇന്ന് ദ്വീപ്, നാളെ കേരളം എന്ന നിലയിലാണ് കേന്ദ്രം അജണ്ട നടപ്പാക്കുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രമേയത്തെ പിന്താങ്ങുന്നതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published.