ഏകീകൃത സിവില്‍ കോഡ്; മുസ്ലിം ലീഗില്‍ ഭിന്നാഭിപ്രായം, ആശയക്കുഴപ്പം തുടരുന്നു
ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ മുസ്ലിം ലീഗില്‍ ആശയക്കുഴപ്പം തുടരുന്നു. സിവില്‍ കോഡിനെതിരായി സിപിഐഎം നടത്തുന്ന സെമിനാറില്‍ പങ്കെടുക്കണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ലീഗ് യോഗത്തിലുണ്ടാകും. രാഷ്ട്രീയ കേരളം ഒന്നാകെ പാണക്കാട്ടേക്ക് കണ്ണുംനട്ടിരിക്കുമ്പോള്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അടക്കം ലീഗ് , സിപിഐഎം സെമിനാറില്‍ പങ്കെടുക്കണമെന്ന അഭിപ്രായം മുന്നോട്ടുവച്ചു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടനുണ്ടാകും.
സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ മുസ്ലിം ലീഗിനുള്ളില്‍ ഭിന്നാഭിപ്രായമാണ്. വിഷയത്തില്‍ കൃത്യമായ നിലപാട് സ്വീകരിച്ച ഇ ടി മുഹമ്മദ് ബഷീര്‍ എംപിയും എം കെ മുനീര്‍ എംഎല്‍എയും അടക്കം ഏകീകൃത സിവില്‍ കോഡിലെ നിലപാട് പരസ്യമായി വ്യക്തമാക്കുകയും ചെയ്തു ഇതിനോടകം. സെമിനാറില്‍ പങ്കെടുക്കേണ്ടതില്ല എന്നാണ് നേതാക്കള്‍ സ്വീകരിച്ച നിലപാട്. അതേസമയം പി കെ കുഞ്ഞാലിക്കുട്ടിയും പി എംഎ സലാമും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും അടക്കം നിലപാട് വ്യക്തമാക്കിയിട്ടില്ല ഇതുവരെ. കൂടിയാലോചനകള്‍ക്ക് ശേഷം നിലപാട് പറയാമെന്നാണ് പി എം എ സലാം ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണം.