Sunday, April 27, 2025
Kerala

‘ഒരിക്കലും ലീഗ് കോൺഗ്രസിനെ വിട്ടുപോകില്ല, സന്തോഷകരമായ തീരുമാനം’; കെ സുധാകരൻ

ഏകീകൃത സിവിൽ കോഡിനെതിരായ സിപിഎം സെമിനാറിൽ പങ്കെടുക്കേണ്ടതില്ലെന്ന മുസ്ലീം ലീഗിന്റെ തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. മുസ്ലീം ലീഗ് കോൺഗ്രസ് വിട്ടുപോകില്ലെന്ന് ഉറച്ച വിശ്വാസമുണ്ട്. ലീഗിൻ്റെ വികാര-വിചാരങ്ങൾ ഉൾക്കൊണ്ടാണ് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്നും അത് തുടരുമെന്നും കെ സുധാകരൻ കണ്ണൂരിൽ പറഞ്ഞു.

കുറുക്കൻ നയമാണ് സിപിഐഎമ്മിന്റേത്. മുസ്ലീം ലീഗിനെ കോൺഗ്രസിൽ നിന്ന് അകറ്റുക എന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ ലക്ഷ്യമാണ്. അതിനുള്ള ശ്രമങ്ങൾ അവർ തുടർന്നുകൊണ്ടേയിരിക്കും. ആ കെണിയിൽ വീഴുന്നില്ല എന്നതാണ് മുസ്ലിം ലീഗിന്റെ പ്രത്യേകത. മുസ്ലീം ലീഗിന്റെ തീരുമാനം സ്വാഗതാർഹമാണെന്നും കെ സുധാകരൻ.

ബഹുസ്വരതയുടെ ഏകീകൃതശക്തിയാണ് കോൺഗ്രസ്. ഏക സിവിൽ കോഡിനെതിരെ കോൺഗ്രസ് ജനസദസ് സംഘടിപ്പിക്കും. നാളെ ജനസദസിനുള്ള തീയതി തീരുമാനിക്കുമെന്നും കെ സുധാകരൻ പറഞ്ഞു. അതേസമയം, പള്ളികൾ പബ്ബുകളാകുന്നുവെന്ന എം.വി ഗോവിന്ദന്റെ പ്രസ്താവനയ്‌ക്കെതിരെയും കെപിസിസി അധ്യക്ഷൻ പ്രതികരിച്ചു. വിവരക്കേട് പറയുന്നതിന് പരിധിയുണ്ട്. പരിധി ലംഘിച്ചാൽ ആരായാലും പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *