Saturday, January 4, 2025
Kerala

ഏകീകൃത സിവില്‍ കോഡ് ഹിന്ദുത്വ അജണ്ട; കൈതോല വിവാദത്തിലും നിലപാട് വ്യക്തമാക്കി സിപിഐഎം

കൈതോലപ്പായ വിവാദത്തിലും ഏകീകൃത സിവില്‍ കോഡിലും നിലപാട് വ്യക്തമാക്കി സിപിഐഎം. കൈതോലപ്പായയില്‍ ഉന്നത സിപിഐഎം നേതാവ് പണം കടത്തിയെന്ന ആരോപണം മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. സിപിഐഎമ്മിന് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതില്ല. വിവാദം സ്വയം എരിഞ്ഞടങ്ങിക്കോളും. അവരെല്ലാം സിപിഐഎം വിരുദ്ധ ചേരിയിലെ മുന്‍നിര വലതുപക്ഷക്കാരാണെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. ബിരിയാണി ചെമ്പിലും ഖുര്‍ആനിലും സ്വര്‍ണം കടത്തിയെന്ന് ആരോപണങ്ങള്‍ പോലെയാണ് കൈതോലപ്പായ വിവാദമെന്നും സംസ്ഥാന സെക്രട്ടറി ആരോപിച്ചു.

ഏകീകൃത സിവില്‍ കോഡ് വിഷയത്തിലും സിപിഐഎം നിലപാട് ആവര്‍ത്തിച്ചു. നീക്കം ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ്. ബഹുസ്വരത പൂര്‍ണമായും ഇല്ലാതാക്കാനാണ് ഏകീകൃത സിവില്‍ കോഡിലൂടെ ബിജെപി ലക്ഷ്യം വയ്ക്കുന്നത്. വിഷയത്തില്‍ അവസരവാദ സമീപനമാണ് കോണ്‍ഗ്രസിനെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

‘2025 ആകുമ്പോഴേക്കും ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികമാകും. അപ്പോഴേക്കും ഈ ഹിന്ദുത്വ അജണ്ട വെച്ച് ഒരു ഏകീകൃത ഇന്ത്യ. അതാണ് ഫാസിസത്തിന്റെ രീതി. മതനിരപേക്ഷ ഇന്ത്യയെ തകര്‍ക്കുന്നതിന് ശ്രമിക്കുന്ന ആര്‍എസ്എസും സംഘപരിവാര്‍ വിഭാഗങ്ങളുമാണ് ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ അണിയിച്ചൊരുക്കി ഇന്ത്യയിലുടനീളം പ്രചാരവേല നടത്തുന്നത്. ഏകീകൃത സിവില്‍ കോഡിനെ എതിര്‍ത്തുകൊണ്ട് സംസ്ഥാനതല സെമിനാര്‍ നടത്തും’. സിപിഐഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *