ഏകീകൃത സിവില്‍ കോഡിനെതിരെ വര്‍ഗീയ ശക്തികളെ ഒഴികെ എല്ലാവരേയും കൂടെക്കൂട്ടും; ലീഗിന് ക്ഷണം ആവര്‍ത്തിച്ച് എം വി ഗോവിന്ദന്‍
ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ വര്‍ഗീയ ശക്തികള്‍ ഒഴികെയുള്ളവരെ കൂടെ ചേര്‍ക്കുക എന്നതാണ് സെമിനാറിലൂടെ സിപിഐഎം ഉദ്ദേശിക്കുന്നതെന്ന് വിശദീകരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഏക സിവില്‍ കോഡിന്റെ ഭാഗമായി വരുന്ന ഒരു വാക്കോ വാചകമോ അല്ല പ്രശ്‌നമെന്നും ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റാനുള്ള വര്‍ഗീയ അജണ്ടയുടെ ഭാഗമാണ് കേന്ദ്രത്തിന്റെ തീരുമാനം എന്നതാണ് പ്രശ്‌നമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഇന്നത്തെ ഇന്ത്യന്‍ പരിധി സ്ഥിതിയില്‍ ഫാസിസത്തിലേക്കുള്ള യാത്ര തടയണം. ആ യാത്ര തടയുന്നതിനുള്ള ഇടപെടലാണ് എല്ലാ മേഖലയിലും നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏക സിവില്‍ കോഡ് വിഷയത്തില്‍ മുസ്ലിം അനുകൂല പാര്‍ട്ടികള്‍ ഉള്‍പ്പെടെ ഒരു മനസാണെന്ന് എം വി ഗോവിന്ദന്‍ പറയുന്നു. മുസ്ലീം ലീഗിനുള്ളില്‍ ആശയക്കുഴപ്പമുള്ളതായി തോന്നുന്നില്ല. യോഗത്തില്‍ പങ്കെടുക്കേണ്ട കാര്യം അവരാണ് തീരുമാനിക്കേണ്ടത്. ഫാസിസത്തെ തടയുന്നതിന്റെ ഭാഗമായി ആര് മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ചാലും അതിന് സിപിഎമ്മും പിന്തുണ നല്‍കും. കോണ്‍ഗ്രസിന് ഓരോ സംസ്ഥാനത്തും ഓരോ നിലപാടാണുള്ളത്. ഏകീകൃത സെമിനാര്‍ വിഷയത്തില്‍ ഒരു സെമിനാറല്ല, പല സെമിനാറുകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഏക സിവില്‍ കോഡ് സെമിനാറിലേക്കുള്ള സിപിഐഎം ക്ഷണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുസ്ലിം ലീഗ് നേതൃയോഗം ഇന്ന് നടക്കും. രാവിലെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലാണ് യോഗം ചേരുക. സെമിനാറില്‍ പങ്കെടുക്കുന്നതിനോട് പാര്‍ട്ടിയിലെ ഒരു വിഭാഗം എതിര്‍പ്പ് പ്രകടിപ്പിച്ചു. ലീഗിന്റെ നിലപാടിനായി കാത്തിരിക്കുകയാണ് സംസ്ഥാന കോണ്‍ഗ്രസ്.