ലീഗിന് സിപിഐഎമ്മിന്റെ പച്ചക്കൊടി; ഏകീകൃത സിവില്‍ കോഡ് വിഷയത്തിലെ സെമിനാറില്‍ ലീഗിന് സിപിഐഎമ്മിന്റെ ക്ഷണം
രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ ഏക സിവില്‍ കോഡില്‍ സിപിഐഎം വിളിച്ചുചേര്‍ത്ത പ്രത്യേക കണ്‍വെന്‍ഷനില്‍ മുസ്ലീം ലീഗിന് ഔദ്യോഗിക ക്ഷണം. കഴിഞ്ഞ ദിവസം വൈകീട്ട് സിപിഐഎം ഔദ്യോഗികമായി ക്ഷണിച്ചെന്ന് മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. എന്നാല്‍ സെമിനാറില്‍ പങ്കെടുക്കണമോയെന്ന് തീരുമാനിച്ചിട്ടില്ലെന്ന് പിഎംഎ സലാം പറഞ്ഞു. നേതാക്കളുമായി ചര്‍ച്ച ചെയ്ത ശേഷം അന്തിമ തീരുമാനം കൈക്കൊള്ളും. ഇന്ന് മലപ്പുറത്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. സമസ്തയുമായും വിഷയം ചര്‍ച്ച ചെയ്‌തെന്ന് പിഎംഎ സലാം കൂട്ടിച്ചേര്‍ത്തു.
ഏകീകൃത സിവില്‍ കോഡിനെതിരെ എല്ലാ വിഭാഗങ്ങളേയും അണിനിരത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ ലീഗിന്റേത് ശരിയായ നിലാപാടെന്നാണ് എം വി ഗോവിന്ദന്‍ പറയുന്നത്. രാജ്യത്ത് മത ദ്രുവീകരണത്തിലേക്ക് നയിക്കാനും ഹിന്ദുത്വജണ്ട രാജ്യത്ത് നടപ്പാക്കാനും ആണ് പ്രധാനമന്ത്രി മുന്‍കൈയെടുത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത്. അതിനെതിരെ എല്ലാ വിഭാഗങ്ങളെയും യോജിപ്പിച്ച് അണിനിരത്തുക എന്നതാണ് സിപിഎം ലക്ഷ്യം വയ്ക്കുന്നത്. കോണ്‍ഗ്രസിന് വിഷയത്തില്‍ വ്യക്തതയില്ല. കോണ്‍ഗ്രസിന് വ്യക്തത ഇല്ലാത്തതുകൊണ്ടാണ് അവരെ ക്ഷണിക്കാത്തതെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
മുസ്ലീം ലീഗിനോട് തൊട്ടുകൂടായ്മ ഇല്ല എന്ന് എം വി ഗോവിന്ദന്‍ പറയുന്നു. ഇടതുമുന്നണിയുമായി സഹകരിക്കണമോ എന്ന് പറയേണ്ടത് ലീഗാണ്. ലീഗിനെ മാത്രമല്ല മറ്റു പലരെയും ക്ഷണിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.